
കുണ്ടറയിൽ മകൻ ജിത്തുവിനെ ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാനായി അമ്മ ജയ ചെയ്തത് കൊടും ക്രൂരത.
ജിത്തുവിന്റെ ശരീരം ജയ വലിച്ചിഴച്ച് വീടിന് പിന്നിൽ കൊണ്ടുവന്ന് മതിലിനോട് ചേർത്ത് കത്തിച്ചു. അവിടെ വച്ച് പൂർണമായും കത്തില്ലെന്ന് ബോദ്ധ്യമായതോടെ വെള്ളം ഒഴിച്ച് കെടുത്തി. പകുതി കത്തിയ ശരീരം വീണ്ടും വലിച്ചിഴച്ച് മതിലിന് മുകളിലൂടെ ആൾ താമസമില്ലാത്ത കുടുംബ വീടിന്റെ പറമ്പിലിട്ടു. പിന്നാലെ ജയ മതിൽ ചാടി. ശരീരം വീണ്ടും വലിച്ചിഴച്ച് കുടുംബവീടിനോട് ചേർന്ന് വാഴക്കൃഷി ചെയ്യുന്ന ഭാഗത്ത് കൊണ്ടുവന്ന് കത്തിച്ചു. ശരീരം കത്തിത്തീരും വരെ അവിടെ നിന്നു. മൃതദേഹം കത്തിക്കുന്നതിന് അയൽ വീട്ടിൽ നിന്നാണ് ജയ മണ്ണെണ്ണ വാങ്ങിയത്. രാത്രി ഏഴരയോടെ തിരികെ മതിൽ ചാടി വീട്ടിലെത്തി. എട്ടരയോടെ ഭർത്താവ് ജോബ് ജി.ജോൺ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോൾ സ്കെയിൽ വാങ്ങാൻ പോയ ജിത്തു തിരികെ വന്നില്ലെന്നാണ് ജയ പറഞ്ഞത്.
സ്വത്ത് തർക്കം ഗൗരവത്തിലെടുത്തിട്ടില്ല
കൊലയ്ക്ക് കാരണമായി ജയ പറയുന്ന സ്വത്ത് തർക്കം പൊലീസ് ഗൗരവത്തിലെടുത്തിട്ടില്ല. ഭർത്താവിന്റെ കുടുംബത്തോടുള്ള വിരോധത്തിൽ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തി എന്നത് വിശ്വസിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക കാരണം വ്യക്തമാകാൻ ജിത്തുവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
വഴിത്തിരിവായത് കൈയിലെ പൊള്ളൽ
ജിത്തുവിന് വേണ്ടി പൊലീസും നാട്ടുകാരും നാടുനീളെ അന്വേഷണം നടത്തിയ രണ്ട് ദിവസവും ജിത്തുവിന്റെ മൃതശരീരം കത്തികിടന്ന സ്ഥലത്ത് ജയ പോയി നോക്കിയിരുന്നു. ബുധനാഴ്ച വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജയയുടെ കൈയിലെ പൊള്ളൽ ശ്രദ്ധിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
ആദ്യം റോസാ മുള്ള് കൊണ്ടതാണെന്ന് പറഞ്ഞ ജയ പിന്നീട് പൊള്ളിയതാണെന്ന് തിരുത്തി. മറുപടിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് ബുധനാഴ്ച വീടും പരിസരവും പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം ആസൂത്രിതമല്ലെന്നും മൃതദേഹം കത്തിക്കുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കുണ്ടറ എം.ജി.ഡി ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ജിത്തു. ജിത്തുവിന്റെ ട്യൂഷൻ അദ്ധ്യാപകരിൽ ഒരാളെ വിവരങ്ങൾ ചോദിച്ചറിയാൻ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബുധനാച രാത്രി തന്നെ വിട്ടയച്ചിരുന്നു.