കോഴിക്കോട്: പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും അതിനാൽ ഇവിടുത്തെ കൂടുതൽ കുടുംബാംഗങ്ങൾ മരിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചതായി ജോളി തങ്ങളോട് പറഞ്ഞു നടന്നതായി അയൽവാസികൾ. മൂന്നിൽ കൂടുതൽ പേരുടെ മരണം സംഭവിച്ചേക്കാമെന്ന് തങ്ങളെ ജോളി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും ഇവർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു .

ദുരൂഹ മരണങ്ങളിൽ ജോളിയുടെ പങ്കിനെക്കുറിച്ച് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയൽവാസികളായ ആയിഷയും ഷാഹുൽ ഹമീദും മാധ്യമങ്ങളോട് പറഞ്ഞു . അന്നമ്മ മരിച്ചപ്പോൾ വീടിനു ദോഷമുണ്ട് പരിഹാരം ചെയ്യണമെന്നു പറഞ്ഞ ജോളി മൂന്നു പേരുടെയും മരണത്തിനു ശേഷം വീടും സ്വത്തുക്കളുമെല്ലാം തന്റേതാണെന്ന രീതിയിൽ നടത്തിയ പെരുമാറ്റവും മറ്റുമാണ് സംശയത്തിലേക്ക് നയിച്ചതെന്നും ഇവർ പറയുന്നു.

ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് നേരത്തെ രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ഇവർ പറയുന്നു. പല ആളുകളോടും പല തരത്തിലാണ് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചു പറഞ്ഞിരുന്നു. ഇതിൽ നേരത്തെ സംശയം തോന്നിയിരുന്നെന്നും പറഞ്ഞു. കല്ലറ തുറന്ന ദിവസം ജോളി പരിഭ്രാന്തയായി. കല്ലറ തുറന്നതോടെ താൻ ജയിലിൽ പോകാൻ സാധ്യതയുണ്ടെന്നും മക്കളെ ജീവിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും അയൽവാസിയായ അലി പറയുന്നു.

അതിനിടെ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.

പ്രതികളെ വിശദമായി ചോദ്യംചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യേണ്ടതുണ്ട്. അതേസമയം കേസില്‍ നിര്‍ണായ തെളിവായ ജോളിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Loading...