കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി സൗഹൃദത്തിലായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയാണിവർ . ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ ഇവരെ ചോദ്യം ചെയ്താൽ മതിയാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാൽ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല.

തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോൽസവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോൽസവവേദിയിൽ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്.

എൻഐടി പരിസരത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയർ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങൾ ലഭിച്ചത്.

ജോളി ജോസഫിന് എൻഐടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്.

എൻഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നൽകിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനൽകിയില്ല. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നൽകി.

എൻഐടിക്കു സമീപം കട്ടാങ്ങൽ ജംക്‌ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏൽപിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലിൽ വാഹനം നിർത്തിയപ്പോൾ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ജോളിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോൺഗ്രസ് പ്രവർത്തകനായ മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.

Loading...