കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി രണ്ടാം ഭർത്താവിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി. മൂന്നാം വിവാഹം കഴിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ജോളി വെളിപ്പെടുത്തിയത്.മൂന്നാമത് ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം . ഇതിനായി ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകി.

ജോളിയുമായി സൗഹൃദമുണ്ടെന്നാണ് ജോൺസൺ പൊലീസിന് മൊഴി നൽകിയത്. ഇരുവരും തമ്മിലുളള സൗഹൃദം വ്യക്തമാക്കി ജോളി കോയമ്പത്തൂരിൽ പോയത് ജോൺസണെ കാണാനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജോളി കോയമ്പത്തൂരിൽ പോയത് എന്തിനാണെന്ന അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥ കഴിഞ്ഞ ദിവസം ജോളി വെളിപ്പെടുത്തിയിരുന്നു. ഇന്നലെ പൊന്നാമറ്റത്ത് വീട്ടിലും ഭർത്താവായ ഷാജുവിന്റെ വീട്ടിലും നടത്തിയ തെളിവെടുപ്പുകൾക്കു ശേഷം അന്വേഷണസംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത് എങ്ങനെയെല്ലാമെന്ന് ജോളി അക്കമിട്ടു പറഞ്ഞത്. ഷാജുവിന്റെയും ആദ്യഭാര്യ സിലിയുടെയും മകൾ ആൽഫൈൻ മരിച്ചതിന്റെ ഉത്തരവാദിത്വം ജോളി നിഷേധിച്ചിരുന്നു.

Loading...