തിരുവനന്തപുരം: മാര്‍ക്കുദാനം നടത്തിയതില്‍ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങള്‍ പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത്.എം.ജി. സര്‍വകലാശാലയിൽ നടന്ന അദാലത്തില്‍ ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു ജലീലിന്റെ വാദം. അതേസമയം അദാലത്തുകള്‍ തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത് . ഇതു സംബന്ധിച്ച ദൃശ്യമാണ് പ്രമുഖ മാധ്യമത്തിന് ലഭിച്ചത്. സര്‍വകലാശാല ഉദ്യോഗസ്ഥരുമായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ഇയാള്‍ ആശയ വിനിമയം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

അദാലത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഉന്നയിച്ച ആരോപണം. ഇതിന് വിശദീകരണമായിട്ടാണ് മന്ത്രി ജലീല്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങില്‍ ആശംസ നടത്തിയ ശേഷം മടങ്ങിയെന്ന വിശദീകരണം നല്‍കിയിരുന്നത്.

ബി.ടെക്. പരീക്ഷയില്‍ മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. പി.കെ. ഹരികുമാര്‍ തുറന്നുസമ്മതിച്ചിരുന്നു. അദാലത്തിന് അതിന് അധികാരമില്ലെന്നാണ് സര്‍വകലാശാലയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയാണ് ഹരികുമാര്‍.

Loading...