തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ല. ശബരിമല തന്ത്രിയോടു ബോര്‍ഡ് വിശദീകരണം ചോദിച്ചതു ശരിയായ നടപടിയാണ്. ശബരിമലയില്‍ നിരോധനാജ്ഞ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹിക വിരുദ്ധരെ തടയുന്നതിനാണു നിരോധനാജ്ഞ. ഭക്തര്‍ക്കെതിരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയോട് ഉപദേശം തേടിയെന്ന വെളിപ്പെടുത്തലിലാണു തന്ത്രിയോടു വിശദീകരണം ചോദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടക്കുന്നതു സംബന്ധിച്ച് തന്ത്രി തന്നോടു നിയമോപദേശം ചോദിച്ചിരുന്നുവെന്ന് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിശദീകരണം തേടിയത്. എന്നാല്‍ തന്ത്രിയോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പി.സി.ജോര്‍ജ് സഭയില്‍ ചോദിച്ചിരുന്നു.

Loading...