ഇന്ന് കാർഗിൽ യുദ്ധ വിജയ ദിനം ∙ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ഈ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്. കാർഗിലിലേക്കു നുഴഞ്ഞുകയറിയ പാക്ക് സേനയ്ക്കെതിരെ ഇന്ത്യ പോരാടിയത് 1999 മേയ് മുതൽ ജൂലൈ വരെയായിരുന്നു . നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ 26നു കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചു. ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ട മായിരുന്നു ഇത്.

സൈനികരുടെ അസാമാന്യ പോരാട്ടവീര്യമാണ് 18,000 അടി ഉയരത്തിലുള്ള കാർഗിലിലെ യുദ്ധഭൂമിയിൽ വിജയം നേടാൻ ഇന്ത്യയ്ക്കു കരുത്തായത്. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. യുദ്ധവിജയ വാർഷികത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ സേനാതലത്തിൽ ഇന്നു നടക്കും. രാജ്യത്തിനായി ജീവൻ ബലി നൽകിയ ധീര സൈനികർക്കു പ്രണാമമർപ്പിച്ച് ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിക്കും.

അതിർത്തിയിൽ മറ്റൊരു സംഘർഷത്തിനിടെയുള്ള വാർഷികമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ചൈനീസ് സേനയുടെ കടന്നുകയറ്റത്തെത്തുടർന്ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം തുടരുകയാണ്. ചൈനയെ പ്രതിരോധിച്ച് ഇന്ത്യൻ ഭടന്മാർ അതിർത്തിയിലുടനീളം നിലയുറപ്പിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ അണിനിരത്തി വ്യോമസേനയും രംഗത്തുണ്ട്.

Loading...