ബെംഗളൂരു: കർണാടകത്തിൽ ഭരണപക്ഷത്തുനിന്ന് 13 എം.എൽ.എ.മാർകൂടി രാജിവെച്ചു. കോൺഗ്രസിൽനിന്ന് പത്തും ജെ.ഡി.എസിൽനിന്ന് മൂന്നും അംഗങ്ങളാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്.കോൺഗ്രസിൽനിന്ന് മുതിർന്നനേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി, രമേശ് ജാർക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീൽ, ശിവറാം ഹെബ്ബാർ, മഹേഷ് കുമത്തല്ലി, ബി.സി. പാട്ടീൽ, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖർ, മുനിരത്ന, സൗമ്യറെ‍ഡ്ഢി എന്നിവരാണ് ഭരണമുന്നണിവിട്ടത്. ജനതാദൾ -എസിൽനിന്ന് മുൻ സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരും രാജിവെച്ചു.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും വിദേശത്തുള്ള സമയത്താണ് വിമതർ ചടുലനീക്കം നടത്തിയത്. ഇതേത്തുടർന്ന് അമേരിക്കയിലെ സന്ദർശനം ചുരുക്കി കുമാരസ്വാമി നാട്ടിലേക്കുതിരിച്ചു. ഗുണ്ടുറാവുവും യാത്ര വെട്ടിച്ചുരുക്കി. പ്രശ്നം ചർച്ചചെയ്യാനായി പാർട്ടിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബെംഗളൂരുവിലെത്തി.

ശനിയാഴ്ച ഉച്ചയോടെയാണ് നാടകീയസംഭവങ്ങളുടെ തുടക്കം. സ്പീക്കർ കെ.ആർ. രമേശ് കുമാർ ഓഫീസിലില്ലാത്തതിനാൽ നിയമസഭാ സെക്രട്ടറിക്കും സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് എം.എൽ.എ.മാർ രാജിക്കത്ത് കൈമാറിയത്. തുടർന്ന് രാജ്‌ഭവനിലെത്തി ഗവർണർ വാജുഭായ് വാലയെ കണ്ടു. 11 പേരുടെ രാജി ഓഫീസിൽ കിട്ടിയിട്ടുണ്ടെന്നും ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നും സ്പീക്കർ പറഞ്ഞു.

വിമതരെ അനുനയിപ്പിക്കാൻ മന്ത്രി ഡി.കെ. ശിവകുമാർ എത്തിയെങ്കിലും ഫലംകണ്ടില്ല. മുനിരത്നയുടെ രാജിക്കത്ത് ശിവകുമാർ കീറിക്കളഞ്ഞതായി റിപ്പോർട്ടുണ്ട്. മുംബൈയിൽ എം.എൽ.എ.മാരുടെ റിസോർട്ട് വാസത്തിന് ബി.ജെ.പി. നേതാക്കളായ അരവിന്ദ് ലിംബാവലിയും അശ്വന്ത നാരായണനുമാണ് ചുക്കാൻപിടിക്കുന്നതെന്നാണ് വിവരം. രാജിവെച്ചവരുടെ പിന്നിൽ ബി.ജെ.പി.യാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഡി. സദാനന്ദഗൗഡ പറഞ്ഞു.

Loading...