ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്.ഡി. കുമാര സ്വാമി രാജിവെച്ചേക്കും. 16 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ രാജി വെച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നാണ് വിവരം. വിധാന്‍സൗധയില്‍ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ് കുമാരസ്വാമി. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരങ്ങള്‍.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജെഡിഎസ് പിന്തുണയോടെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങള്‍. സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് ജെഡിഎസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടക വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 14 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാണ് വിമതര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് അനുസരിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി.

കോണ്‍ഗ്രസില്‍നിന്ന് മുതിര്‍ന്നനേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമത്തല്ലി, ബി.സി. പാട്ടീല്‍, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖര്‍, മുനിരത്‌ന, സൗമ്യറെഡ്ഡി എന്നിവരാണ് ഭരണമുന്നണിവിട്ടത്. ജനതാദള്‍ -എസില്‍നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരാണ് ശനിയാഴ്ച രാജിവെച്ചത്.

മുതിര്‍ന്ന നേതാവ് റോഷന്‍ ബെയ്ഗ് ചൊവ്വാഴ്ച രാജിവെച്ചു. പിന്നാലെ ബുധനാഴ്ച എം.ടി.ബി. നാഗരാജും ഡോ. കെ.സുധാകറും എം.എല്‍.എ.സ്ഥാനം രാജിവെച്ചു. 13 പേരുടെ രാജിക്ക് പിന്നാലെ വീണ്ടും വീണ്ടും രാജിയുണ്ടാകുന്നത് കോണ്‍ഗ്രസിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കൂടുതല്‍ പേരുടെ രാജിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യം പോലുമില്ലെന്ന് ബി.ജെ.പി.നേതാവ് ബി. എസ്.യെദ്യൂരപ്പ പറഞ്ഞു. ഭരണപക്ഷത്ത് നിന്നുള്ള രാജിയില്‍ നിന്ന് സര്‍ക്കാറിന്റെ അംഗബലം വ്യക്തമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെടുന്നു.

Loading...