ആറു പേരുടെ മരണത്തിനിടയാക്കിയ സുഞ്ജ്വാന്‍ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ക്യാമ്പിലെത്തിയ എന്‍ഐഎയുടെ അഞ്ചംഗ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. അത്യാധുനിക ആയുധശേഖരവുമായി തീവ്രവാദികള്‍ സൈനിക ക്യാമ്പിലേക്ക് നുഴഞ്ഞുകയറിയതിനെ കടുത്ത സുരക്ഷാവീഴ്ചയായിട്ടാണ് എന്‍ഐഎയും ആഭ്യന്തരമന്ത്രാലയവും വിലയിരുത്തിയിരിക്കുന്നത്.

സുരക്ഷാ വീഴ്ച ഉണ്ടായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയാത്. വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ ഇത്രയും ദൂരം എത്തിയത് ആശങ്കാജനകമാണെന്നും ഇവര്‍ക്ക് കാര്യമായി പ്രാദേശിക പിന്തുണ കിട്ടിയിരിക്കാമെന്നും ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു. സുഞ്ജ്വാനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ക്യാമ്പിലുണ്ടായിരുന്ന അഞ്ചു സൈനികര്‍ക്ക് പുറമേ ഒരു പ്രദേശ വാസിയും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

പാര്‍ലമെന്റിന്റെ നിയമപ്രകാരം തീവ്രവാദ കേസുകളില്‍ അന്വേഷണം നടത്തുന്നത് എന്‍ഐഎയാണ്. ഏഴ് സൈനികര്‍ കൊല്ലപ്പെട്ട 2016 ലെ നാഗ്രോട്ട ആക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം എന്നിവയെല്ലാം അന്വേഷിക്കുന്നത് എന്‍ഐഎ യാണ്. 2016 ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ നാലു ഭീകരര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ജീവന്‍ പോയത്. സുഞ്ജ്വാനിലും ആക്രമണം നടത്തിയത് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരായിരിക്കാമെന്നാണ് വിലയിരുത്തല്‍. ശക്തമായ തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്.

Loading...