ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ പ്രശ്നത്തില്‍ തന്റെ മധ്യസ്ഥത തേടിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ. അത്തരത്തിൽ യാതൊരു അഭ്യർഥനയും മോദി നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നു യുഎസ് പ്രസിഡന്റ് പറഞ്ഞതായി കണ്ടു. അങ്ങനെയൊരു ആവശ്യമോ അഭ്യർഥനയോ പ്രധാനമന്ത്രി മോദി നടത്തിയിട്ടില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തിൽ മൂന്നാംകക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നാണു പ്രഖ്യാപിത നിലപാട്’– വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകൾക്കും ഷിംല, ലഹോ‌ർ കരാറുകളാണ് അടിസ്ഥാനമാക്കുന്നത്. ചർച്ചകൾ പുരോഗമിക്കണമെങ്കിൽ പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും .ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.

രണ്ടാം മോദി സർക്കാർ അധികാരത്തിൽ 50 നാളുകൾ പൂർത്തിയാക്കിയ ദിവസം തന്നെ കശ്മീർ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയിരുന്നു. സെപ്റ്റംബറിൽ മോദിയുടെ യുഎസ് സന്ദർശനത്തിനു മുന്നോടിയായി ട്രംപും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിലുള്ള കൂടിക്കാഴ്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു ഇന്ത്യ. അതിനിടെയാണ് മധ്യസ്ഥനാകാൻ മോദി അഭ്യർഥിച്ചെന്ന ട്രംപിന്റെ പ്രസ്താവന വന്നത്.

ട്രംപിന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് ആയുധമാക്കി. വിഷയത്തിൽ മോദി വിദേശസഹായം തേടിയതു രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല കുറ്റപ്പെടുത്തി. ട്രംപിനെ മോദി തള്ളുമോയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും നയം മാറിയോയെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും ചോദിച്ചു. വിഷയം ചൂടുപിടിച്ചതോടെയാണു വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
. പ്രധാനമന്ത്രി തന്നെ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് നിലപാടെടുത്തതോടെ വിഷയം പാർലമെന്റിൽ ഉന്നയിക്കപ്പെടുമെന്ന് ഉറപ്പായി.

പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്, കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചത്. കശ്മീര്‍ വിഷയം മോദി തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും പ്രശ്നത്തില്‍ മധ്യസ്ഥനാകുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നാണു കരുതുന്നതെന്നുമാണു ട്രംപ് പറഞ്ഞത്.

Loading...