കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മനോജിന് നഷ്ടപ്പെട്ടത് തന്റെ ഉറ്റവരെയാണ്. ഭാര്യയെയും രണ്ടു മക്കളെയുമടക്കം നഷ്ടമായി. അബുദാബിയിലെ ജോലി സ്ഥലത്തു വെച്ചാണ് അപകട വിവരം മനോജ് അറിഞ്ഞത്. ശനിയാഴ്ചയായിരുന്നു അപകടമുണ്ടായത്. ഭാര്യയും മക്കളും ഇല്ലാത്ത കവിയൂരിലെ വീട്ടിലേക്ക് മനോജ് എത്തിയപ്പോള്‍ മുഖത്ത് നിറഞ്ഞത് നിസംഗതയായിരുന്നു. ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാക്കുകള്‍ ഇല്ലായിരുന്നു.

മനോജ്കുമാറിന്റെ ഭാര്യ സ്മിത (34), മകന്‍ അഭിനജ് (8), മകള്‍ ഹര്‍ഷ (4), മനോജിന്റെ സഹോദരിയും വടശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ ഡി. സുരേഷ്‌കുമാറിന്റെ ഭാര്യയുമായ മിനി (45), മകള്‍ അഞ്ജന (21), സ്മിതയുടെ സഹോദരന്‍ സുദര്‍ശനന്റെ മകന്‍ കാര്‍ ഓടിച്ചിരുന്ന അരുണ്‍ (23) എന്നിവരാണു മരിച്ചത്. എല്ലാവരും മനോജിന് വേണ്ടപ്പെട്ടവര്‍. ഒരുമിച്ച് ജീവിച്ച് കൊതി തീരാത്ത ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സഹോദരിയും മകളും യാത്രയായി. ഡ്രൈവറായിരുന്നത് ഭാര്യയുടെ സഹോദരന്റെ മകനും. അഭിനജിന്റെയും അഞ്ജനയുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരുടേത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് വിട്ടു കൊടുത്തത്.

വിദേശത്തായിരുന്ന മനോജ് കുമാറും മിനിയുടെ ഭര്‍ത്താവ് സുരേഷ് കുമാറും സംഭവം അറിഞ്ഞ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ അബുദാബിയില്‍ നിന്നു പുറപ്പെട്ട മനോജ് പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തി 9 മണിയോടെയാണ് കവിയൂരിലെ വീട്ടിലെത്തിയത്. 6 വര്‍ഷമായി അബുദാബിയിലാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് അവധിക്കു വന്നു മടങ്ങിപ്പോയത്. എല്ലാ ദിവസവും ഉച്ചയൂണിനുശേഷം അബുദാബിയില്‍ നിന്നു വീട്ടിലേക്ക് വിളിക്കാറുള്ള മനോജാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നതിനു മുന്‍പ് അപകട വാര്‍ത്ത അറിഞ്ഞത്.

സ്മിതയുടെ ഫോണിലേക്ക് മനോജ് വിളിച്ചപ്പോള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുടെ പക്കലായിരുന്നു. അദ്ദേഹമാണ് അപകട വിവരം അറിയിച്ചത്. പിന്നീടാണ് അടുത്ത ബന്ധുക്കള്‍ വിവരമറിഞ്ഞത്. ശനിയാഴ്ച രാവിലെ 5 മണിയോടെയാണ് സ്മിതയും 2 മക്കളും തിരുവനന്തപുരത്തെ കരിക്കകം ക്ഷേത്ര ദര്‍ശനത്തിനു പോയതെന്ന് അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു. ക്ഷേത്ര ദര്ഡശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.എല്ലാവരോടും സൗഹൃദം പങ്കിട്ടിരുന്ന അഭിനജും ഹര്‍ഷയും നാടിന്റെ മുഴുവന്‍ ദുഃഖമായി മാറി. എസ്സിഎസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനജ്, ഹര്‍ഷ കവിയൂര്‍ ഇടയ്ക്കല്‍ എല്‍പി സ്‌കൂളില്‍ പ്രിപ്രൈമറി ക്ലാസിലും.

ഇന്നലെ രാവിലെ 11ന് അഞ്ജനയുടെയും അഭിനജിന്റെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയ ശേഷം മറ്റുള്ളവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ തിരിച്ചു. അരുണിന്റെ മൃതദേഹം രാവിലെ 11ന് വീട്ടിലേക്കു കൊണ്ടു പോയി. സംസ്‌കാരം നടത്തി. മറ്റുള്ളവരുടേത് ഇന്നും നാളെയുമായി സംസ്‌കരിക്കും. സ്മിത, അഭിനജ്, ഹര്‍ഷ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ നാലരയോടെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മൃതദേഹം ഇന്ന് 11ന് ഇടയ്ക്കല്‍ ഗവ.എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം 2ന് വീട്ടുവളപ്പില്‍. അരുണിന്റെ സംസ്‌കാരം നടത്തി. മിനിയുടെയും അഞ്ജനയുടെയും സംസ്‌കാരം പിന്നീട്.

ശനിയാഴ്ച പകല്‍ ഒന്നേകാലോടെ ആയൂര്‍ അകമണിലാണ് അപകടം. കട്ടപ്പനയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും മാരുതി ഓള്‍ട്ടോ കെ ടെണ്‍ കാറുമാണ് കൂട്ടിയിടിച്ചത്. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ എതിരെവന്ന ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അരുണാണ് കാര്‍ ഓടിച്ചിരുന്നത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കെത്തിച്ചത്. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അപകടമുണ്ടായത്. എം.സി റോഡ് നവീകരണത്തിന് ശേഷം സ്ഥിരം അപകടമേഖലയാണ് ആയൂര്‍.

Loading...