കോട്ടയം : കേരള കോൺഗ്രസ് മാണി വിഭാഗം യോഗത്തിൽ പങ്കെടുക്കാതിരുന്ന പാലാ നഗരസഭ കൗൺസിലർക്കു വധ ഭീഷണി. ഇന്ന് വെളുപ്പിന് 3നാണ് ടോണി തോട്ടത്തെ അജ്ഞാതൻ വിളിച്ചത്. യുകെ ഫോൺ നമ്പരിൽ നിന്നാണു ഫോൺ. ജോസ് കെ. മാണിയാണ് നിന്നെ ആളാക്കിയതെന്ന് മറക്കരുതെന്നും 7 ദിവസത്തിനകം കണ്ണൂർ മോഡലിൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഭീഷണിപ്പെടുത്തിയതായി കൗൺസിലർ ടോണി തോട്ടം പറഞ്ഞു. ഇന്ന് വൈകുന്നേരം പൊലീസിൽ പരാതി നൽകും.

താനാണു കേരള കോൺഗ്രസ് (എം) ചെയര്‍മാനെന്നു കാണിച്ചു ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മിഷനു കത്ത് അയച്ചു. സംസ്ഥാന സമിതിയിൽ നിലവിലുള്ള 437 അംഗങ്ങളിൽ 312 പേരും പങ്കെടുത്ത യോഗത്തിലാണു തന്നെ തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.ഐ.ആന്റണിയാണു കത്ത് അയച്ചത്. നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്നാണു ധാരണ. പാര്‍ട്ടി ലീഡറുടെ കസേരയില്‍നിന്ന് പി.ജെ.ജോസഫിനെ മാറ്റാനും ഇപ്പോൾ ആവശ്യപ്പെടില്ല. നിയമോപദേശം തേടാനാണു ജോസഫ് വിഭാഗത്തിന്റെ തീരുമാനം. സി.എഫ്.തോമസുമായി പി.ജെ.ജോസഫും മോന്‍സ് ജോസഫും കൂടിക്കാഴ്ച നടത്തും.

ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനോടു വിശദീകരിക്കും. ഔദ്യോഗിക കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ കമ്മിഷന്റെ നിലപാട് നിർണായകമാകും. പാർട്ടി ഭരണഘടനയനുസരിച്ചാണു ചെയർമാനെ തിരഞ്ഞെടുത്തതെന്നാണു ജോസ് കെ.മാണിയുടെ അവകാശവാദം. സാഹചര്യം സങ്കീർണമായിരിക്കെ നിയമസഭാകക്ഷി നേതൃസ്ഥാനത്ത് ആരുവരണമെന്ന് സി.എഫ്.തോമസ് തീരുമാനിക്കും. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ സഭയുടെ പരിഗണനയ്ക്കു വരുന്ന പശ്ചാത്തലത്തില്‍ വിപ് ലംഘിച്ച് വോട്ടുചെയ്യേണ്ട പ്രശ്നമില്ലെന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നേരത്തെ സ്പീക്കറോട് സാവകാശം തേടിയിരുന്നു.

നിയമസഭയില്‍ കെ.എം.മാണിയുടെ കസേരയിലാണ് ഇപ്പോള്‍ പി.ജെ.ജോസഫ് ഇരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിലെ അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചാവേളകളില്‍ ‘ഞാനും എന്റെ പാര്‍ട്ടിയും വോക്കൗട്ട് ചെയ്യുന്നു’ എന്നു ജോസഫ് പ്രഖ്യാപിച്ചപ്പോഴൊക്കെ റോഷി അഗസ്റ്റിനും എന്‍.ജയരാജും അടക്കുമുള്ള അഞ്ച് എംഎല്‍എമാരും അനുസരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ജോസ് കെ.മാണി വിളിച്ചുചേര്‍ത്ത യോഗം അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആരെന്നു ചോദ്യം ഉയരുന്നു. ഇതിന് ഉത്തരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും തുടര്‍ന്ന് സി.എഫ്.തോമസിനും മാത്രമേ കഴിയൂ. ജോസഫിനൊപ്പം മോന്‍സ് ജോസഫുണ്ട്. ജോസ് കെ.മാണിയുെട അനുഭാവികളായ റോഷി അഗസ്റ്റിനും എന്‍.ജയരാജും മറുഭാഗത്ത്. രണ്ടു പക്ഷത്തുമില്ലാത്ത സി.എഫ്.തോമസിന്റെ നിലപാട് നിര്‍ണായകമാകുന്നത് ഇങ്ങനെയാണ്.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നിട്ടില്ലെന്നു തോമസ് ചാഴികാടന്‍ എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ് യുപിഎയിലും യുഡിഎഫിലും തുടരുമെന്നും ചാഴികാടന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. പിളരാനുള്ള തീരുമാനം നിര്‍ഭാഗ്യകാരമാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കണം. പിളരാനല്ല വളരാനാണു പാര്‍ട്ടി ശ്രമിക്കേണ്ടതെന്നും ബെന്നി പറഞ്ഞു. നിയമസഭാകക്ഷി നേതാവിനെ പിന്നീട് തിരഞ്ഞെടുക്കുമെന്നു റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെയര്‍മാന്‍ ജോസ് കെ.മാണി കൂടി പങ്കെടുക്കുന്ന യോഗത്തിലാകും തിരഞ്ഞെടുപ്പ്. പി.ജെ.ജോസഫ് തല്‍സ്ഥാനത്തു തുടരും. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് സി.എഫ്.തോമസ് വിട്ടുനിന്നെന്നു കരുതാനാകില്ലെന്നും റോഷി പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നടപടികൾ അതിനു പ്രയാസമുണ്ടാക്കുന്നതാണെന്നു സി.എഫ്.തോമസ് പ്രതികരിച്ചു. 28 അംഗ ഉന്നതാധികാര സമിതിയിൽ 15 പേരും വിവിധ പോഷകസംഘടനാ നേതാക്കളും തനിക്കൊപ്പമുണ്ടെന്നു ജോസഫ് അവകാശപ്പെട്ടു. 8 ജില്ലാ പ്രസിഡന്റുമാരും 325 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കി. ചെയർമാൻ തിരഞ്ഞെടുപ്പു നടത്താൻ ജോസഫ് തയാറാകാതിരുന്നതിനെ തുടർന്നാണ് ജോസ് കെ.മാണി പക്ഷം സ്വന്തംനിലയ്ക്കു സംസ്ഥാന സമിതി യോഗം വിളിച്ചത്. മുതിർന്ന അംഗം പ്രഫ. കെ.ഐ.ആന്റണിയാണു നോട്ടിസ് നൽകിയത്. മുൻ ഗവ. പ്ലീഡർ കെ.സെഡ്.കുഞ്ചെറിയ പ്രിസൈഡിങ് ഓഫിസറായി.

Loading...