കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്ന പക്ഷം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള പൊതുസമ്മതനെ നിര്‍ത്തുക, അല്ലെങ്കില്‍ കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാകുന്നു.

ഇനി കേരള കോണ്‍ഗ്രസിനോട് ഉദാര സമീപനം വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിലപാടെടുത്തിരിക്കുന്നത്‌. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുകയും കോണ്‍ഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റ് നല്‍കിയ കാര്യവും ഇവര്‍ ഉന്നയിക്കുന്നു.

പ്രശ്‌നം രൂക്ഷമാകുകയാണെങ്കില്‍ കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയോ അല്ലെങ്കിൽ കേരള കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് മാണിയോട് ആവശ്യപ്പെടാനോ സാധ്യതയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ മാണിയെ കണ്ടേക്കും.

കോട്ടയത്തെ തര്‍ക്കം പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ പോലും ബാധിച്ചേക്കാമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലുണ്ട്. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം കളഞ്ഞുകുളിക്കുന്ന നിലയിലേക്ക് തര്‍ക്കം വളര്‍ന്നതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.

സമീപം മണ്ഡലങ്ങളിലെ വിജയസാധ്യതയേയും തര്‍ക്കം ബാധിച്ചേക്കാമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. ഇതിനിടെ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പി.ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ തീരുമാനം അറിയിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുള്ളതെന്നും ജോസഫ് പറഞ്ഞു.

Loading...