ഖത്തര്‍ രാജാവിന്റെ ഛായാചിത്രം വരച്ചു നല്‍കാമെന്ന് പറഞ്ഞ് രാജകുടുംബത്തെ പോലും പറ്റിച്ച മലയാളി വിരുതന്‍. 5.80 കോടി രൂപയാണ് കുടുംബാംഗങ്ങളില്‍ നിന്ന് ഇയാള്‍ സ്വന്തമാക്കിയത്. ആറടി പൊക്കവും മൂന്നടി വീതിയുമുള്ള പൂര്‍ണകായ ഛായചിത്രം സ്വര്‍ണഫ്രെയിമില്‍ തയ്യാറാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഛായാചിത്രം തയ്യാറാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പേരിലുള്ള എസ്ബിഐ അക്കൗണ്ടിലേക്കാണ് മൊബൈല്‍ ഇടപാടുവഴി 5.80 കോടി രൂപ എത്തിയത്. പണത്തിന്റെ വലിയൊരു ഭാഗം പിന്‍വലിച്ചിട്ടുണ്ടെങ്കിലും പരാതി വന്നതിനെത്തുടര്‍ന്ന് ഈ അക്കൗണ്ട് മരവിപ്പിച്ചു. പുതുതായി തുറന്ന അക്കൗണ്ടിലേക്കാണ് വിദേശത്തുനിന്ന് കോടികള്‍ എത്തിയത്. പണം നഷ്ടപ്പെട്ട ഖത്തര്‍ രാജകുടുംബാംഗം തൃശൂര്‍ പോലീസ് സൂപ്രണ്ടിന് ഇ-മെയിലിലൂടെയാണ് പരാതി നല്‍കിയത്. ഇവര്‍ അടുത്ത ദിവസം പരാതി നേരിട്ട് നല്‍കാന്‍ തൃശൂരെത്തുമെന്നും സൂചനയുണ്ട്.

Loading...

ന്യൂയോര്‍ക്കിലെ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ച് ഛായാചിത്രം ഖത്തര്‍ മ്യൂസിയം അധികൃതര്‍ക്ക് നല്‍കുമെന്നായിരുന്നു ഇയാള്‍ ഖത്തര്‍ രാജകുടുംബത്തിലെ ഒരു രാജകുമാരിയെ അറിയിച്ചിരുന്നത്. പിന്നീട് ഇയാളുടേത് തട്ടിപ്പാണെന്ന് മനസിലാകുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി മാത്രമല്ലെന്നാണ് സൂചന. വിദേശത്തു നിന്നുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.


 

 
Loading...