തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കു നിശ്ചയിച്ച ഉയർന്ന പിഴ കുറയ്ക്കുന്നതിന് കോംപൗണ്ടിങ് രീതി നടപ്പാക്കുന്നതു നിയമ വകുപ്പിന്റെ പരിഗണനയിൽ. പിഴ ചുമത്താൻ അധികാരമുള്ള ഉദ്യോഗസ്ഥന് ഏതൊക്കെ നിയമലംഘനങ്ങൾക്ക് ഇപ്രകാരം പിഴ പരമാവധി കുറയ്ക്കാമെന്നതിന്റെ സാധ്യതകളാണു പരിശോധിക്കുന്നതെന്നു നിയമ വകുപ്പു വൃത്തങ്ങൾ പറഞ്ഞു.
നിയമ ഭേദഗതിയോട് എതിർപ്പു പ്രകടിപ്പിച്ച മറ്റു സംസ്ഥാനങ്ങൾ എന്താണു ചെയ്യുന്നതെന്നു നിയമ വകുപ്പ് അനൗദ്യോഗികമായി ആരായുന്നുണ്ട്. അവിടങ്ങളിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്നു യോഗം ചേരും. ഇതിലെ നിർദേശങ്ങളും കേന്ദ്ര സർക്കാരിന്റെ അന്തിമ നിലപാടും കൂടി പരിഗണിച്ചാകും നിയമ വകുപ്പു ശുപാർശ നൽകുക. രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുൾപ്പെടെ എതിർപ്പുയർന്നതിനാൽ പിഴ കുറയ്ക്കണമെന്ന സമ്മർദം സംസ്ഥാന സർക്കാരിനുമേലുണ്ട്.

അനിശ്ചിതത്വം കാരണം ഓണക്കാലത്തു വാഹനപരിശോധന ഏറെക്കുറെ നിലച്ച മട്ടായിരുന്നു. ഇതിനും പരിഹാരം കാണേണ്ടതുണ്ട്.

Loading...