അബുദാബിയില്‍ വെള്ളിയാഴ്ച നടന്ന ജാക്ക്‌പോട്ട് നെറുക്കെടുപ്പില്‍ 27.6കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെ. ഷാര്‍ജയില്‍ താമസക്കാരനായ ഷോജിത് കെ.എസ് എന്നയാളാണ് അബുദാബി ഡ്യൂട്ടി ഫ്രീസ് ബിഗ് ടിക്കറ്റ് സിരീസ് നെറുക്കെടുപ്പില്‍ വിജയിയായത്.

എന്നാല്‍ ഭാഗ്യശാലിയെ തേടിയുള്ള ജാക്ക്‌പോട്ട് കമ്പനിയുടെ ഫോണ്‍വിളികള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ തേടി വീട്ടിലേക്ക് പോകും.

ഷാര്‍ജയില്‍ എവിടെയാണ് അദ്ദേഹം താമസിക്കുന്നതെന്ന് അറിയാമെന്നും ബിഗ് ടിക്കറ്റ് റാഫില്‍ നടത്തിപ്പുകാരനായ റിച്ചാര്‍ഡ് ഖലീജ് ടൈംസിനോട് പ്രതികരിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എല്ലാ മാസവും ജാക്ക്‌പോട്ട് നടത്തുന്നത് ഈ കമ്പനിയാണ്.

നെറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ മങ്കേഷ് മെയ്‌ന്ദെയ്ക്ക് ബി.എം.ഡബ്ല്യൂ 220ഐ കാര്‍ ലഭിച്ചു. എട്ട് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്താനിക്കും സമാശ്വാസ സമ്മാനങ്ങള്‍ ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മലയാളി ഡ്രൈവര്‍ ജോണ്‍ വര്‍ഗീസിന് 12 മില്യണ്‍ ദിര്‍ഹം ലോട്ടറി അടിച്ചിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു മലയാളിയ്ക്കും അബുദാബിയില്‍ 12 മില്യണ്‍ ദിര്‍ഹം ലഭിച്ചിരുന്നു. 2017ല്‍ അബുദാബിയില്‍ നടന്ന മെഗാ ഭാഗ്യക്കുറി നെറുക്കെടുപ്പില്‍ എട്ട് ഇന്ത്യക്കാരടക്കം 10 പേര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം ലഭിച്ചിരുന്നു.

Loading...