തിരുവനന്തപുരം: കേരളത്തിലെ 95.8 ശതമാനം കോവിഡ് രോഗികളിലും നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്ന് ആരോഗ്യവകുപ്പ്. 3.6 ശതമാനം പേർക്കുമാത്രമാണ് സാരമായ ലക്ഷണങ്ങളുണ്ടായിരുന്നത്. ഗുരുതര ലക്ഷണങ്ങളുണ്ടായിരുന്നത് 0.6 ശതമാനം പേർക്കും.500 രോഗികളുടെ ക്ലിനിക്കൽ പഠനവിവരങ്ങളാണ് ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തിയത്.

അതേസമയം രോഗം മാരകമായ ചൈന, ഇറ്റലി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാരമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും രോഗം ഗുരുതരമാകുന്നവരും സംസ്ഥാനത്ത് കുറവാണ്. നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിച്ചവർ കൂടുതലുമാണ്.

രോഗികളിൽ 73.4 ശതമാനം പുരുഷന്മാരും 26.6 ശതമാനം സ്ത്രീകളുമായിരുന്നു. 500 രോഗികളിൽ 414 പേർക്കും മറ്റു ഗുരുതര രോഗങ്ങളില്ലായിരുന്നു. മറ്റു രോഗങ്ങളുണ്ടായിരുന്ന 86 പേരിൽ 9.2 ശതമാനം പേർക്ക് പ്രമേഹവും ഒമ്പതുശതമാനം പേർക്ക് രക്താതിസമ്മർദവുമുണ്ടായിരുന്നു. 1.6 ശതമാനം പേർക്കാണ് ആസ്ത്മപോലെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നത്.

രോഗലക്ഷണം പ്രകടിപ്പിക്കാത്തവരിൽ 17.6 ശതമാനം പേർക്ക് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനായി. 23.8 ശതമാനം പേരും രണ്ടാഴ്ചയ്ക്കുശേഷവും 8.6 ശതമാനം പേർ ഒരുമാസത്തിനുള്ളിലും ആശുപത്രിവിട്ടു. 1.9 ശതമാനം പേർക്ക് ഒരുമാസത്തിലധികം ചികിത്സ വേണ്ടിവന്നു.

വരണ്ട ചുമ, വയറിളക്കം തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളുള്ള (കാറ്റഗറി എ)വരിൽ 14.1 ശതമാനം പേർക്ക് ഒരുമാസത്തെ ചികിത്സ വേണ്ടിവന്നു.

പ്രാഥമിക ലക്ഷണങ്ങൾക്കൊപ്പം മറ്റു ഗുരുതര രോഗങ്ങളുള്ളവരെയും ഗർഭിണികളെയും അറുപതിനുമേൽ പ്രായമുള്ളവരെയും കാറ്റഗറി ബി-യിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാഴ്ചത്തെ ചികിത്സ വേണ്ടിവന്നത് 23 ശതമാനം പേർക്കാണ്. 23.9 ശതമാനം പേർ ഒരുമാസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രിവിട്ടത്. 2.7 ശതമാനം പേർക്ക് ഒരുമാസത്തിലധികം ചികിത്സ വേണ്ടിവന്നു.

ശ്വാസംമുട്ടൽ, രക്തസമ്മർദം കുറയുക തുടങ്ങിയ ഗുരുതര ലക്ഷണങ്ങളുള്ളവരെയാണ് കാറ്റഗറി സി-യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗത്തിൽ 21 രോഗികളാണുണ്ടായിരുന്നത്. അതിൽ 23.8 ശതമാനം പേർക്ക് ഒരുമാസത്തെ ചികിത്സ വേണ്ടിവന്നു. ഒരാൾക്ക് ഒരുമാസത്തിലേറെ ചികിത്സ വേണ്ടിവന്നു.

വെന്റിലേറ്റർ 0.6 ശതമാനം പേർക്ക്

ഗുരുതരമായി രോഗംബാധിച്ച ഒരു ശതമാനം പേർക്കാണ് ഐ.സി.യു. ഉപയോഗിക്കേണ്ടിവന്നത്. 0.6 ശതമാനം പേർക്ക് വെന്റിലേറ്റർ വേണ്ടിവന്നു. ന്യൂമോണിയ 1 ശതമാനം. മയോകാർഡിറ്റ്‌സ് 0.6 ശതമാനം. വൃക്കരോഗം 0.6 ശതമാനം. ശ്വാസകോശ രോഗം 1 ശതമാനം

നേരിയ ലക്ഷണങ്ങളുള്ളവർ (ശതമാനക്കണക്കിൽ)

കേരളം 95.8

ചൈന 80

ഇറ്റലി 57.2

സാരമായ ലക്ഷണങ്ങൾ

കേരളം 3.6

ചൈന 13.8

ഇറ്റലി 22

ഗുരുതര ലക്ഷണങ്ങൾ

കേരളം 0.6

ചൈന 6.2

ഇറ്റലി 4.7

രോഗികളിൽ പനി ഉണ്ടായിരുന്നവർ

കേരളം 24.2

ചൈന 87.9

ഇന്ത്യ 60

Loading...