ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്റെ മൃതദേഹം കണ്ടെത്തിയതു മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിക്കുന്നതുവരെ പോലീസ് നേരിട്ടത് കടുത്ത പ്രതിഷേധം. തിങ്കളാഴ്ച രാവിലെയാണ് തെന്മലക്കടുത്ത് ചാലിയേക്കരയില്‍ മൃതദേഹം കണ്ടെത്തിയത്.

പ്രധാന റോഡുകളൊന്നും കടന്നുപോകാത്ത ചാലിയേക്കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത മേഖലയിലെ തോട്ടിലായിരുന്നു മൃതദേഹം. ഊടുവഴികളിലൂടെ ആസൂത്രിതമായാണ് കെവിനെ ഇവിടെ എത്തിച്ചത് എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. 12 പേരടങ്ങുന്ന സംഘം അതിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസ് കരുതുന്നത്. തെങ്കാശിയില്‍ ഇവരെത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്നു കാറില്‍ 12 പേരടങ്ങുന്ന സംഘമാണ് കുമാരനെല്ലൂര്‍ പ്ലാത്തറയില്‍ കെവിനെ സുഹൃത്ത് മാന്നാനം സ്വദേശി അനീഷിനൊപ്പം വീട്ടില്‍ നിന്നും ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്നത്. അനീഷിനെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. രാവിലെ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മൃതദേഹം കണ്ടെത്തിയെന്നും നാടറിഞ്ഞു. തെന്മലയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ചാലിയേക്കര. ഒരു ഭാഗം റബ്ബര്‍ തോട്ടങ്ങളും മറുഭാഗം കാടും പങ്കിടുന്ന തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

കെവിന്‍ തോട്ടില്‍ കാല്‍വഴുതി വീണതാവാമെന്ന സംശയം പോലീസ് ഉന്നയിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. കണ്ണുകള്‍ ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. മര്‍ദനത്തിന്റെ പാടുകള്‍ ശരീരത്തില്‍ കണ്ടു. റോഡില്‍ നിന്നും ഒരാളെ വലിച്ചുകൊണ്ടുപോയതിന്റെ തെളിവുകളുമുണ്ട്. റോഡില്‍ നിന്നും 350 മീറ്ററോളം അകലെ ഒരാള്‍ എങ്ങനെ കാല്‍ വഴുതി വീഴുമെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. ആള്‍പ്പാര്‍പ്പില്ലാത്ത ഇവിടെ കെവിന്‍ എന്തിന് വന്നുവെന്ന ചോദ്യവും ഉയര്‍ന്നു കേട്ടു.

പോലീസിനെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ സംഘടനകളുമെത്തി. അതോടെ പോലീസിന് ചെറുത്തു നില്‍ക്കാന്‍ കഴിയാതെ വന്നു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മതി ഇന്‍ക്വസ്റ്റ് എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കനത്ത മഴയത്ത് പ്രതിഷേധം ഒന്നടങ്ങിയ ശേഷം തന്ത്രപൂര്‍വമാണ് മൃതദേഹവുമായി പോലീസ് കോട്ടയത്തേക്ക് പുറപ്പെട്ടത്.

വൈകിട്ട് കോട്ടയം മെഡിക്കല്‍കോളേജിനു മുന്നില്‍ കണ്ടത് സിഎസ്ഡിഎസ്ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശക്തമായ പ്രതിഷേധവും. നഗരം മുഴുവന്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് കെവിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നിലെത്തിയത്. ആള്‍ക്കൂട്ടം ആംബുലന്‍സ് തടഞ്ഞു. പോലീസിന്റെ നിര്‍ദേശം വകവെക്കാതെ ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ നേതാക്കള്‍ ഇടപെട്ടാണ് ആംബുലന്‍സ് കടത്തിവിട്ടത്.

Loading...