സൗദി മുന്‍ ഭരണാധികാരി അബ്‌ദുള്ള രാജാവിനെ വധിക്കാന്‍ ലിബിയന്‍ ഏകാധിപതി കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുമായി ചേര്‍ന്ന്‌ ഖത്തര്‍ ഭരണനേതൃത്വം ഗൂഢാലോചന നടത്തിയതായി വെളിപ്പെടുത്തല്‍.

സൗദി റോയല്‍കോര്‍ട്ട്‌ ഉപദേശകന്‍ സൗദ്‌ അല്‍ ഖഹ്‌താനിയുടേതാണ്‌ ഏറെ കോളിളക്കം സൃഷ്‌ടിച്ചേക്കാവുന്ന വെളിപ്പെടുത്തല്‍. അബ്‌ദുള്ള രാജാവ്‌ കിരീടാവകാശിയായിരിക്കേ ലണ്ടനില്‍ വെച്ച്‌ വധിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന്‌ സൗദ്‌ അല്‍ ഖഹ്‌താനി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വ്യക്‌തമാക്കുന്നു.

ലണ്ടനില്‍ താമസിക്കുന്ന സൗദി വിമതരുടെ സഹായത്തോടെ കൃത്യം നടപ്പാക്കുന്നതിനാണ്‌ ലിബിയന്‍ നേതാവ്‌ ഖത്തര്‍ മുന്‍ ഭരണാധികാരിയും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ്‌ അല്‍താനിയുടെ പിതാവുമായിരുന്ന ഹമദ്‌ ബിന്‍ ഖലീഫ അല്‍താനിയുടെ സഹായം തേടിയത്‌.

ഗദ്ദാഫിയുടെ പ്രതിനിധി കേണല്‍ മുഹമ്മദ്‌ ഇസ്‌മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഖത്തര്‍ ഭരണനേതൃത്തോട്‌ വിഷയം ചര്‍ച്ച ചെയ്യാന്‍ എത്തിയിരുന്നത്‌. കൃത്യം പരാജയപ്പെട്ടാലുള്ള ഭവിഷ്യത്തുകള്‍ ഓര്‍മിപ്പിച്ച്‌ ഖത്തറിനെ പ്രതിനിധീകരിച്ചവര്‍ മടിച്ചുനിന്നപ്പോള്‍ ലിബിയന്‍ സംഘം രോഷാകുലരായി മടങ്ങി. എന്നാല്‍ ഹമദ്‌ ബിന്‍ ഖലീഫ ഉടന്‍ തന്നെ ലിബിയ സന്ദര്‍ശിച്ച്‌ തന്റെ ആളുകളില്‍നിന്ന്‌ നേരിട്ട പ്രയാസത്തില്‍ ഗദ്ദാഫിയോട്‌ ഖേദം പ്രകടിപ്പിക്കുകയും പദ്ധതി നടപ്പാക്കുന്നതിന്‌ പൂര്‍ണ സഹകരണം വാഗ്‌ദാനം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന്‌ ഖത്തര്‍ ഭരണാധികാരി ലണ്ടനിലുള്ള രണ്ട്‌ സൗദി വിമതരുമായി ബന്ധപ്പെട്ട്‌ കേണല്‍ മുഹമ്മദ്‌ ഇസ്‌മായിലുമായി സഹകരിക്കണമെന്നും അദ്ദേഹത്തിന്റെ ആജ്‌ഞകള്‍ നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കി.

ജിഹാദി ആക്രമണമെന്ന നിലയില്‍ അബ്‌ദുള്ള രാജാവിനെ വധിക്കാനായിരുന്നു പദ്ധതിയെന്ന്‌ സൗദ്‌ അല്‍ ഖഹ്‌താനി പറയുന്നു. ലിബിയന്‍ നേതാവും ഖത്തര്‍ അമീറും സൗദിയിലെ അല്‍ഖര്‍ജില്‍ നിന്ന്‌ അമേരിക്കന്‍ സൈനിക ക്യാമ്പ്‌ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിക്കപ്പെട്ട പശ്‌ചാത്തലത്തിലാണ്‌ അബ്‌ദുള്ള രാജാവിനെ വധിക്കാനുള്ള പദ്ധതിക്ക്‌ രൂപം നല്‍കിയതെന്നും അല്‍ ഖഹ്‌താനി പറയുന്നു.

ഖത്തര്‍ ഭരണാധികാരി വാടകയ്‌ക്ക്‌ എടുത്ത സൗദി വിമതരില്‍ ഒരാള്‍ സഅദ്‌ അല്‍ഫഖീഹ്‌ ആയിരുന്നുവെന്നും സര്‍വാദരണീയനായ അബ്‌ദുള്ള രാജാവിനെതിരെ നടന്ന വധശ്രമത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്‌ വെളിപ്പെടുത്തുമെന്നും സൗദ്‌ അല്‍ ഖഹ്‌താനി ട്വീറ്ററില്‍ പറഞ്ഞു.

Loading...