ലോക മുസ്ലിംകള്‍ ഹജ്ജിന് വേണ്ടി സൗദി അറേബ്യയിലെ മക്കയില്‍ സംഗമിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ സൗദിയിലേക്ക് പുറപ്പെട്ടു തുടങ്ങി. നേരത്തെ ചെല്ലുന്നവര്‍ മദീനയിലേക്കാണ് പോകുന്നത്. അവര്‍ ഹജ്ജ് വേളയില്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്കെത്തും.

ഹജ്ജിന് മദീനയുമായി ബന്ധമില്ലെങ്കിലും പ്രവാചാകന്റെ പട്ടണം കാണാതെ ഹാജിമാര്‍ മടങ്ങില്ല. 20 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജിനെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഈ വേളയില്‍ ആര്‍ക്കും സംശയം തോന്നുന്ന ഒരു കാര്യമുണ്ട്. കഅബയിലെ കിസ്‌വ ഉയര്‍ത്തി കെട്ടിയിരിക്കുകയാണിപ്പോള്‍. അതെന്തിനാണ്. എപ്പോഴും താഴ്ത്തിയിടുന്ന കിസ്‌വ ഹജ്ജ് വേളയില്‍ ഉയര്‍ത്തുന്നതിന് എന്തിനാണ്. കഅബയെ പുതപ്പിച്ചിരിക്കുന്നതായി കാണുന്ന തുണിയാണ് കിസ്‌വ.

സാധാരണ തുണിയല്ലിത്. കിസ്‌വ നിര്‍മാണത്തിന് വേണ്ടി മാത്രം പ്രത്യേക ഫാക്ടറി തന്നെയുണ്ട്. അത്ര വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ശേഷിയുള്ള നൂല് കൊണ്ടാണ് കിസ്‌വ തയ്യാറാക്കുന്നത്. ഹജ്ജ് വേളയില്‍ ഇത് അല്‍പ്പം ഉയര്‍ത്തിക്കെട്ടും.ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതോടെയാണ് കിസ്‌വ സാധാരണ ഉയര്‍ത്തിക്കെട്ടുക. കഴിഞ്ഞ ദിവസം ഉയര്‍ത്തിക്കെട്ടല്‍ നടന്നു. ഹറം കാര്യ വകുപ്പിലേയും കിസ്‌വ നിര്‍മാണ ഫാക്ടറിയിലേയും മുപ്പതോളം തൊഴിലാളികള്‍ ചേര്‍ന്നാണ് ഈ ജോലി പൂര്‍ത്തീകരിച്ചത്. മൂന്ന് മണിക്കൂര്‍ വേണ്ടി വന്നു ഉയര്‍ത്താന്‍.

ഹജ്ജിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടല്‍. കഅബയുടെ നാല് ഭാഗത്ത് നിന്നും തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയിരിക്കുന്നത്. ഉയര്‍ത്തിയ ഭാഗം വെള്ള തുണി കൊണ്ട് മറയ്ക്കുകയും ചെയ്തു. 20 ലക്ഷത്തോളം പേര്‍ വലയം വെയ്ക്കുന്ന വേളയില്‍ കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.തീര്‍ഥാടകള്‍ കഅബയെ വലയം വെയ്ക്കുന്ന വേളയില്‍ ചിലപ്പോള്‍ കിസ്‌വ വലിച്ചേക്കാം. ചിലര്‍ കിസ്‌വയുടെ നൂല്‍ എടുക്കാന്‍ ശ്രമിക്കാറുണ്ട്. കിസ്‌വയുടെ നൂലില്‍ പുണ്യമുണ്ടെന്ന് കരുതിയാണ് ഇതിന് ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം തടയുകയാണ് ഉയര്‍ത്തിക്കെട്ടലിന്റെ ഉദ്ദേശം. മാത്രമല്ല, കിസ്‌വ വൃത്തിയായി സൂക്ഷിക്കുകയും വേണം.

കിസ്‌വ ഇടക്കിടെ മാറ്റാറുണ്ട്. പുതിയ കിസ്‌വ അണിയിക്കുന്ന ദിവസമാണ് ദുല്‍ഹജ്ജ് ഒമ്പത്. ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദിവസം. എന്നാല്‍ അപ്പോഴും കിസ്‌വ ഉയര്‍ത്തി തന്നെയാണ് കെട്ടുക. ഹാജിമാര്‍ മക്ക വിട്ടുവെന്ന് ഉറപ്പാക്കുന്നത് വരെ ഉയര്‍ത്തികെട്ടും. പിന്നീടാണ് താഴ്ത്തുക.കിസ്‌വയുടെ നൂലില്‍ യാതൊരു പുണ്യവുമില്ല. പക്ഷേ, തെറ്റായ വിശ്വാസം കാരണം ചിലര്‍ നൂല്‍ എടുക്കാന്‍ ശ്രമിക്കും. അതൊഴിവാക്കുകയും തങ്ങളുടെ ലക്ഷ്യമാണെന്ന് കിസ്‌വ ഫാക്ടറി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മന്‍സൂരി പറയുന്നു. അന്ധ വിശ്വാസം തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടല്‍.

ഹജ്ജിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഇത്തവ 1500 പേര്‍ ഹജ്ജിനെത്തുന്നുണ്ട്. സൗദി സഖ്യസേനയുടെ ഭാഗമായുള്ള യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരുടെ ബന്ധുക്കളാണ് രാജാവിന്റെ ഇത്തവണത്തെ അതിഥികള്‍. സഖ്യസേനയുടെ ഭാഗമായി സേവനം അനുഷ്ഠിക്കവെ മരിച്ചവരുടെ ബന്ധുക്കള്‍ക്കാണ് രാജാവ് ഹജ്ജിന് അവസരം ഒരുക്കുന്നത്.

തീര്‍ഥാടകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സൗദിയില്‍ ഒരുക്കി കഴിഞ്ഞു. ബലി കര്‍മത്തിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ബലി കര്‍മത്തിന് വേണ്ടി സൗദി ഭരണകൂടം അദഹി പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത്തവണ ഈ പദ്ധതി പരിഷ്‌കരിച്ചിട്ടുണ്ട്.20 ലക്ഷത്തോളം വരുന്ന ഹാജിമാര്‍ ബലി കര്‍മം നടത്തും. ബലിമാംസം 25ഓളം രാജ്യങ്ങളിലേക്ക് അയക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 40000 പേരാണ് ഈ ആവശ്യങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത്. പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് ബലിമാംസം അയക്കുക. ബലി കര്‍മം നേരിട്ട് കാണുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 20 ലക്ഷം പേര്‍ക്കും ബലി കര്‍മം കാണാന്‍ സാധിക്കും. 1983 മുതല്‍ സൗദി ഭരണകൂടവുമായി സഹകരിച്ച് ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പാണ് ബലി കര്‍മവും അനുബന്ധ നടപടികളും സ്വീകരിക്കുന്നത്. ദുല്‍ഹജ്ജ് പത്തിനാണ് ബലിപെരുന്നാള്‍

Loading...