Subscribe to MalayalamNewspress:

കാലമെത്രയൊക്കെ മാറിയെന്നു പറഞ്ഞാലും പെണ്‍മക്കളുള്ള ഓരോ അച്ഛനമ്മമാരുടെയുള്ളിലും തീയാണ്. അവരുടെ വിദ്യാഭ്യാസം, വിവാഹം, ഭാവി അങ്ങനെയെല്ലാ കാര്യങ്ങളും അവരെ അലട്ടുന്നു. എന്നാല്‍ ഇത്തരം ടെന്‍ഷനുകളൊക്കെ മാറ്റിവെച്ച് വരുംകാലം മുന്നില്‍ കണ്ട് സ്മാര്‍ട്ടായി തന്നെ കാര്യങ്ങള്‍ ചെയ്യാം. ഇതിന് സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി’. 2015 ജനുവരി 22ന് ആരംഭിച്ച പദ്ധതിയുടെ കുറഞ്ഞ നിക്ഷേപതുക 250 രൂപ മാത്രമാണ്. പെണ്‍കുട്ടിക്ക് 21 വയസാകുന്നത് വരെയോ വിവാഹിതയാകുന്നത് വരെയോ നിക്ഷേപം തുടരാം. മികച്ച പലിശയോടൊപ്പം നികുതിയിളവുമുള്ളതാണ് പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. സുകന്യ സമൃദ്ധി പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാം.

എന്താണ് സുകന്യ സമൃദ്ധി പദ്ധതി.?

Loading...

പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് 2015ല്‍ ഈ പദ്ധതി ആരംഭിക്കുന്നത്. നേരത്തെ തന്നെ നികുതിയിളവ് നല്‍കിയിരുന്നുവെങ്കിലും പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് കൂടി പിന്നീട് നികുതിയിളവ് പ്രഖ്യാപിച്ചത് കൂടുതല്‍ ആകര്‍ഷകമാക്കി.

ചെറിയ വരുമാനമുള്ളവര്‍ക്ക് വരെ അനുയോജിച്ച നിക്ഷേപ പദ്ധതിയാണ് ഇത്. പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് നിക്ഷേപം തുടങ്ങാം. 10 വയസ് കഴിയാത്ത പെണ്‍കുട്ടിയുടെ പേരിലാണ് നിക്ഷേപം തുടങ്ങാന്‍ അനുവദിക്കുക.

കുറഞ്ഞ നിക്ഷേപം

അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ നിക്ഷേപതുക 250 രൂപയാണ്. മുമ്പ് ഇത് 1000 രൂപയായിരുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഓരോ സാമ്പത്തിക വര്‍ഷവും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്.

ഒരു സാമ്പത്തിക വര്‍ഷം 250 രൂപയെങ്കിലും അടച്ചില്ലെങ്കില്‍ അക്കൗണ്ട് നിര്‍ജീവമാകും. പിന്നീട് ഒരു വര്‍ഷത്തിന് 50 രൂപ എന്ന കണക്കില്‍ പിഴയൊടുക്കിയാല്‍ മാത്രമേ അക്കൗണ്ട് സജീവമാക്കാന്‍ കഴിയൂ. തവണമുടക്കിയാല്‍ നിക്ഷേപത്തിന്‍മേലുള്ള പലിശ ലഭിക്കില്ല എന്ന കാര്യവും മറക്കേണ്ട.

പലിശ, നേട്ടം

സര്‍ക്കാര്‍ സെക്യൂരിറ്റി ആദായ നിരക്കുമായി ബന്ധപ്പെടുത്തിയാണ് പദ്ധതിയുടെ പലിശ പരിഷ്‌കരിക്കുന്നത്. പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഇതിന് 9.2 ശതമാനം പലിശയാണ് നല്‍കിയിരുന്നത്. എന്നാല്‍ 2018 ജനുവരി ഒന്നിന് പുതുക്കിയ നിരക്ക് പ്രകാരം 8.1 ശതമാനമാണ് പദ്ധതിക്കുള്ള പലിശ. സമാന കാലാവധിയും നിക്ഷേപ സ്വഭാവവുമുള്ള പിപിഎഫുമായി താരതമ്യം ചെയ്യുമ്പോള്‍ സുകന്യ പദ്ധതിയാണ് ആകര്‍ഷകമെന്ന കാര്യത്തില്‍ സംശയമില്ല.

പെണ്‍കുട്ടിക്ക് നിലവില്‍ അഞ്ച് വയസാണെങ്കില്‍ 14 വര്‍ഷം 1.5 ലക്ഷം രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ, ഇത് കാലാവധിയെത്തുമ്പോള്‍ 48.56 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകും. കൃത്യമായി പറഞ്ഞാല്‍ പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ 48,56,880 രൂപ ലഭിക്കും. 21 ലക്ഷം രൂപയാണ് ആകെ അടയ്ക്കുന്നത്. നേട്ടം 27,56,881 രൂപയും (ഭാവിയില്‍ ലഭിച്ചേക്കാവുന്ന പലിശയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം).

ഓഹരി അധിഷ്ടിത നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകര്‍ഷകമല്ലെങ്കിലും നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടമാണ് സുകന്യ സമൃദ്ധിയിലൂടെ ലഭിക്കുക. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ നിക്ഷേപത്തിന് നഷ്ടസാധ്യതയുമില്ല.

നികുതി

പദ്ധതിയില്‍ നിക്ഷേപം നടത്തുമ്പോള്‍ 1.5 ലക്ഷം രൂപയ്ക്ക് വരെ 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ട. അതായത് കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന നേട്ടമായ 27.56 ലക്ഷത്തിന് ഒരൊറ്റ രൂപപോലും ആദായ നികുതി നല്‍കേണ്ടതില്ല.

സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്നോ റിക്കറിങ് ഡെപ്പോസിറ്റില്‍നിന്നോ ആണ് ഈ നേട്ടമെങ്കില്‍ സ്വന്തം വരുമാനത്തോടൊപ്പം ചേര്‍ത്ത് ആദായ നികുതി നല്‍കേണ്ടിവരും.

അക്കൗണ്ട് ആരംഭിക്കാന്‍

പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളുടെ ശാഖകളിലോ പണം നിക്ഷേപിച്ച് (ചുരുങ്ങിയത് 250 രൂപ) അക്കൗണ്ട് തുടങ്ങാം. ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയാല്‍ ഓണ്‍ലൈനായി പണം അടയ്ക്കാം എന്ന സൗകര്യവുമുണ്ട്.

ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുടെ പേരുകളില്‍ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ രണ്ടു പേരുടെയും പേരില്‍ 1.5 ലക്ഷം മാത്രമെസാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കൂ.

പിന്‍വലിക്കല്‍

പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ അക്കൗണ്ടിലെ തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവദിക്കും. 21 വയസ് പൂര്‍ത്തിയായ ശേഷം പണം മുഴുവന്‍ പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.

18 വയസിനു ശേഷം പെണ്‍കുട്ടി വിവാഹിതയാകുന്നത് എപ്പോഴാണെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും. 15 വര്‍ഷമാണ് അക്കൗണ്ടിന്റെ പരമാവധി കാലാവധി.

Subscribe to MalayalamNewspress:

 

 
Loading...