കണ്ണൂര്‍: ഒരുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയും കാമുകനും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി അന്വേഷണസംഘം .പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യയില്‍ നിന്ന് കാമുകനെതിരെ ചില സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്താന്‍ താന്‍ നിര്‍ബന്ധിച്ചില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കാമുകന്‍.

അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ രണ്ടു ദിവസമായി വലിയന്നൂര്‍ സ്വദേശിയായ കാമുകനെ ചോദ്യം ചെയ്യുന്നത്. ശരണ്യയുടെയും, കാമുകന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരുവരും തമ്മില്‍ വാട്സാപ്പ്, ഫെയ്സ്ബുക്ക് ചാറ്റുകള്‍ അന്വേഷണസംഘം പരിശോധിക്കുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭര്‍ത്താവ് പ്രണവും മൊഴിനല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വച്ച് കാമുകനോട് പ്രണവ് തട്ടിക്കയറിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാമുകന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Loading...