കോഴിക്കോട് : താമരശ്ശേരി കൂടത്തായിയിൽ ദമ്പതികൾ ഉൾപ്പെടെ അടുത്തബന്ധുക്കളായ ആറുപേർ ഒരേസാഹചര്യത്തിൽ മരിച്ചതിലെ അന്വേഷണം വഴിത്തിരിവിലേക്ക്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ് ആറുപേരെയും കൊന്നതാണെന്ന പ്രാഥമികനിഗമനത്തിലാണ് അന്വേഷണസംഘം.

14 വർഷത്തിനിടെയാണ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മച്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ ഫിലി, ഇവരുടെ ഒരു വയസ്സുള്ള മകൾ അൽഫൈൻ എന്നിവർ മരിച്ചത്. 2002-നും 2016-നും ഇടയിലാണ് ആറുപേരുടെയും മരണം. അടുത്ത ബന്ധുക്കൾതന്നെയാണ് സംഭവത്തിനുപിന്നിലെന്നാണ് പോലീസ് കരുതുന്നത്.

2002-ൽ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻസൂപ്പ് കഴിച്ചതിനുപിന്നാലെ തളർന്നുവീണ് മരിക്കുകയായിരുന്നു. സൂപ്പിൽ സയനൈഡ് കലർത്തി നൽകിയതാണ് മരണകാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സയനൈഡ് കലർത്തിയ ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ലക്ഷണം ഇവർ കാണിച്ചതായി ഇവരുടെ മകൾ അന്വേഷണസംഘത്തിനു മൊഴിനൽകിയിട്ടുണ്ട്.

2011-ൽ ടോം തോമസിന്റെ മകൻ റോയി തോമസ് കുഴഞ്ഞുവീണുമരിച്ചപ്പോൾ ചിലർ സംശയമുന്നയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയും സയനൈഡ് ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തു. ഇത് എവിടെനിന്നു വന്നതാണെന്നകാര്യം അന്നു പോലീസ് അന്വേഷിച്ചില്ല. ബാക്കിയുള്ളവരുടെ മരണവും സമാനരീതിയിലാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

തെളിവുശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം വെള്ളിയാഴ്ച മൃതദേഹങ്ങൾ അടക്കംചെയ്ത കല്ലറകൾ തുറന്നുപരിശോധിച്ചു. നാലുപേരെ കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ടുകല്ലറകളിലാണ് അടക്കിയിരുന്നത്. രണ്ടുപേരെ കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിലും. മൂന്നു കല്ലറകളും തുറന്ന അന്വേഷണസംഘം, ആറു മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിശദമായി പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ എട്ട് ഫൊറൻസിക് ഡോക്ടർമാർ രണ്ടുസംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എല്ലാ മൃതദേഹങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് കണ്ണൂർ ഫൊറൻസിക് ലാബിലേക്കയച്ചു.

Loading...