തൃശ്ശൂർ: പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മൂന്ന് വനംവകുപ്പ് വാച്ചർമാർ വെന്തുമരിച്ചു. 

വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബൽ വാച്ചറുമായ കെ.വി. ദിവാകരൻ(43), താത്കാലിക ഫയർ വാച്ചർ എരുമപ്പെട്ടി കുമരനെല്ലൂർ കൊടുമ്പ് എടവണ വളപ്പിൽവീട്ടിൽ എം.കെ. വേലായുധൻ(55) താത്കാലിക ഫയർ വാച്ചർ കുമരനെല്ലൂർ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ വി.എ. ശങ്കരന്‍ (46) എന്നിവരാണ് മരിച്ചത്. 

ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവൻ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. 

ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.ആർ. രഞ്ജിത്ത്(37) കാട്ടുതീയിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.

2018 മാർച്ചിൽ കേരള-തമിഴ്നാട് അതിർത്തിയായ കൊരങ്ങിണിയിൽ കാട്ടുതീയിൽപ്പെട്ട് 23 പേർ മരിച്ചശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള മരണം. കേരളത്തിൽ ആദ്യമായാണ് കാട്ടുതീ മരണം.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. മുൻവർഷങ്ങളിലും ഇവിടെ കാട്ടുതീയുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് പ്രദേശത്ത് തീ പടർന്നത്. വനംവകുപ്പുദ്യോഗസ്ഥരും വാച്ചർമാരുമടക്കം 14 പേർ തീയണയ്ക്കാൻ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും ഇവരെ സഹായിക്കാൻ ഒപ്പംചേർന്നു. നാലുമണിയോടെ തീ നിയന്ത്രിച്ചു. ഇതോടെ, നാട്ടുകാർ വനംവകുപ്പുകാർക്ക് കുടിവെള്ളം നൽകി തിരിച്ചുപോന്നു.

ഇതിനുശേഷം ശക്തമായ കാറ്റിൽ തീ പെട്ടെന്ന് ഉയരത്തിൽ പടർന്നുപിടിച്ചു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതിൽ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേർ ഓടിരക്ഷപ്പെട്ടു. എന്നാൽ, ദിവാകരൻ, വേലായുധൻ, ശങ്കരൻ, രഞ്ജിത്ത് തുടങ്ങിയവർ തീച്ചുഴിയിൽപ്പെടുകയായിരുന്നു. എങ്ങോട്ട് ഓടണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.

ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരൻ ധ്യാൻ ഏക മകനാണ്. കാർത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: സുബീഷ്, അനിലൻ, സുബിത. മരുമക്കൾ: സ്മിജ, വിജയൻ. എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത്് മുൻ പ്രസിഡന്റ് എ.കെ. കണ്ണന്റെ സഹോദരനാണ് വേലായുധൻ. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍ ശരത്ത്, ശനത്ത്. 

സാധ്യമായതെല്ലാം ചെയ്യും

പൊള്ളം കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ ദുരന്തം ദുഃഖകരമാണ്. പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ നൽകും. വനംമന്ത്രിയുമായും തുടർ നടപടികൾ ചർച്ചചെയ്തിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. -മന്ത്രി എ.സി. മൊയ്തീൻ

Loading...