ഷിങ്ടൻ : കോവിഡ് രോഗികൾ ലക്ഷങ്ങളായി പെരുകിയതോടെ യുഎസിൽ മാസ്ക്, ഗൗൺ, കയ്യുറകൾ എന്നീ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം. വെന്റിലേറ്ററുകൾ അടക്കം 60 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യൻ വിമാനം ബുധനാഴ്ച ന്യൂയോർക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതിക്കു ധാരണയായിരുന്നു. 

യുഎസ് സർക്കാരിന്റെ കരുതൽ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എൻ 95 മാസ്കുകൾ, 2.2 കോടി കയ്യുറകൾ, 7140 വെന്റിലേറ്ററുകൾ എന്നിവ വിതരണം ചെയ്തു കഴിഞ്ഞതോടെയാണു വിദേശസഹായം തേടേണ്ടിവന്നത്.  11 കമ്പനികളാണു നിലവിൽ യുഎസിൽ വെന്റിലേറ്ററുകൾ നിർമിച്ചുകൊണ്ടിരിക്കുനത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന.

അതേസമയം, ഫ്ലോറിഡ, ജോർജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി. വൈറസ് വ്യാപനം ശക്തമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവയ്ക്കാൻ നീക്കമുണ്ട്.

80,000 ലേറെ രോഗികളാണു ന്യൂയോർക്കിലുള്ളത്. ന്യൂജഴ്സിയിൽ 22,000 കവിഞ്ഞു. കലിഫോർണിയ, മിഷിഗൻ എന്നീ സംസ്ഥാനങ്ങളിൽ രോഗികൾ പതിനായിരമായി. മറ്റു സംസ്ഥാനങ്ങളിൽ ശരാശരി അയ്യായിരത്തിലേറെ പേർക്കാണു രോഗം സ്ഥിരീകരിച്ചത്.

newyork-covid

16,000 ന്യൂയോർക്ക് നിവാസികൾ മരിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച ഗവർണർ ആൻഡ്രൂ കൂമോ, മറ്റു സംസ്ഥാനങ്ങൾ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ചു. 

ന്യൂയോർക്കിൽ രോഗികളായ 83,712 പേരിൽ 12,000 പേർ ആശുപത്രികളിലുണ്ട്.  

‍∙ യുഎസ് യുദ്ധക്കപ്പലിൽ കോവിഡ് രോഗം പടർന്നതോടെ മൂവായിരത്തോളം നാവികരെ കരയിലെത്തിക്കും. 

∙ യുഎസ് സായുധസേന ഒരു ലക്ഷം ബോഡി ബാഗുകൾ  കൈമാറുമെന്നു പെന്റഗൺ. 

∙ കണക്ടികട്ടിൽ ആറാഴ്ച പ്രായമുള്ള പെൺകുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

Special promo

വുഹാനിലേക്കു പോയ 3 ചൈനീസ് മാധ്യമപ്രവർത്തകരെവിടെ 

വാഷിങ്ടൻ ∙ ചൈനയിലെ വുഹാൻ നഗരത്തിൽ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ അന്വേഷിക്കാൻ പോയ 3 ചൈനീസ് മാധ്യമപ്രവർത്തകരെ കാണാതായ സംഭവത്തിൽ അമേരിക്ക ഇടപെടണമെന്ന് ആവശ്യം.

മാധ്യമപ്രവർത്തകർക്ക് എന്തു സംഭവിച്ചുവെന്നു കണ്ടെത്താൻ ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി എംപിയായ ജിം ബാങ്ക്സ് ആവശ്യപ്പെട്ടത്. രോഗികളെക്കൊണ്ട് നിറഞ്ഞ ആശുപത്രികളുടെയും കൂട്ടിയിട്ട മൃതദേഹങ്ങളുടെയും ഫോട്ടോകളും വിഡിയോകളും ഇവർ ഇന്റർനെറ്റിൽ പങ്കുവച്ചതിനു പിന്നാലെയാണ് അപ്രത്യക്ഷരായത്.  അതിനിടെ, ചൈനയിലെ കോവിഡ് കണക്കുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവിശ്വാസം പ്രകടിപ്പിച്ചു. 

പാട്ടുകൾ ബാക്കിയാക്കി ആഡം ഷ്ലെസഞ്ചർ മടങ്ങി

ന്യൂയോർക്ക് ∙ യുഎസിന്റെ പ്രിയ പാട്ടെഴുത്തുകാരൻ ആഡം ഷ്ലെസഞ്ചർ ന്യൂയോർക്കിലെ ആശുപത്രിയിൽ മരിച്ചു. ഷ്ലെസഞ്ചർ(52)ക്കു കോവിഡാണെന്നു ചൊവ്വാഴ്ചയാണു കുടുംബം വെളിപ്പെടുത്തിയത്. ഫൗണ്ടൻസ് ഓഫ് വെയ്ൻ പോപ് സംഗീത ബാൻഡിനു വേണ്ടി എഴുതിയ സ്റ്റേസീസ് മൊം, ഹേയ് ജൂലി തുടങ്ങിയ പാട്ടുകളിലൂടെയാണു പ്രശസ്തനായത്.

ടിവി പരമ്പരകൾക്കു വേണ്ടിയും പാട്ടെഴുതിയിട്ടുണ്ട്. ഗ്രാമി, എമ്മി പുരസ്കാരങ്ങൾ നേടി. ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ദാറ്റ് തിങ് യു ഡൂ എന്ന ചിത്രത്തിന്റെ ടെറ്റിൽ ട്രാക്കിന് 1997ൽ ഷ്ലെസഞ്ചർക്ക് ഓസ്കർ നാമനിർദേശം ലഭിച്ചു. ഹോളിവുഡിലെ അറിയപ്പെടുന്ന നടനായ ഹാങ്ക്സും ഭാര്യയും ഓസ്ട്രേലിയയിൽവച്ചു കോവിഡ് ബാധിതരായ ശേഷം സുഖം പ്രാപിച്ചിരുന്നു.  

Loading...