നാല് പതിറ്റാണ്ടുകൾ നീണ്ട സം​ഗീത യാത്രയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ, ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകർ, അവരുടെ സ്നേഹം, കെ എസ് ചിത്ര എന്ന മഹാപ്രതിഭ തന്റെ അർപ്പണബോധംകൊണ്ടും കഠിനപ്രയ്തനം കൊണ്ടും നേടിയെടുത്ത നേട്ടങ്ങൾ എണ്ണിയാൽ തീരില്ല.മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് പിറന്നാൾ.

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്.

സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെ 1979-ല്‍ ആണ് മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈചിത്രം പുറത്തിറങ്ങിയത് ഒരു വര്‍ഷത്തിന് ശേഷമാണ് . ഇതിന് മുൻപേ പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ എന്ന ഗാനം ആദ്യം പുറത്തിറങ്ങിയ . 1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.

ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രയെ തേടിയെത്തിയത്. 1986ല്‍ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 1987 ല്‍ ‘നഖക്ഷതങ്ങള്‍’ ചിത്രത്തിലെ ‘മഞ്ഞള്‍ പ്രസാദവും’ എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നില്‍ക്കും’ എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. ‘മിന്‍സാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം ‘വിരാസത്തി’ലെ ‘പായലേ ചുന്‍ മുന്‍’ എന്ന ഗാനത്തിനായിരുന്നു അഞ്ചാമത്തെ ദേശീയ പുരസ്‌കാരം. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു.

15 സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ചിത്രയെ ആദരിച്ചു. ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി ചിത്രയുടെ ശബ്ദം വിലയിരുത്തപ്പെടുന്നു.തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ “ഫീമൈൽ യേശുദാസ് ” എന്നും “ഗന്ധർവ ഗായിക” എന്നും “സംഗീത സരസ്വതി”, ” ചിന്നക്കുയിൽ” , “കന്നഡ കോകില”,”പിയ ബസന്തി “, ” ഇന്ത്യയുടെ കൊച്ചു വാനമ്പാടി”, “കേരളത്തിന്റെ വാനമ്പാടി” എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചിട്ടുണ്ട് .

Loading...