കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശികൾക്കായി നടപ്പിലാക്കുന്ന റസിഡൻസി കാർഡ് പദ്ധതി വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. രാജ്യത്തെ വിദേശികളുടെ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കറുകൾ പതിക്കുന്നതിനുപകരമായി പാസ്സ്‌പോർട്ട്, സിവിൽ ഐഡി ഡാറ്റകളും സ്‌പോൺസറെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയ കാർഡ് നടപ്പാക്കുന്നതാണ് പദ്ധതി. തൊഴിലുടമ വിദേശ തൊഴിലാളികളൂടെ പാസ്‌പോർട്ട് പിടിച്ചു വെക്കുന്ന സാഹചര്യം ഇല്ലാതാക്കുക ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

റെസിഡൻസി സ്മാർട് കാർഡ് പദ്ധതിയുടെ രൂപരേഖ ഇപ്പോൾ ലെജിസ്ലേറ്റിവ് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്ന് റെസിഡൻസ് വകുപ്പ് മേധാവി മേജർ ജനറൽ തലാൽ മഅ്‌റഫി അറിയിച്ചു. സിവിൽ ഐഡി കാർഡ് പോലെ പുതുക്കാൻ കഴിയുന്നതായിരിക്കും റസിഡൻസി കാർഡ്. പദ്ധതി നടപ്പാക്കിത്തുടങ്ങിയാൽ ഇഖാമ പാസ്‌പോർട്ടിൽ പതിക്കുന്ന രീതിയും റദ്ദാക്കും. പുതിയ സംവിധാനത്തോടെ വിദേശികളുടെ പാസ്‌പോർട്ട് സ്‌പോൺസർമാർ പിടിച്ചുവയ്ക്കുന്നത് നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഓരോ രാജ്യത്തെയും സർക്കാരുകൾ തങ്ങളുടെ പൗരൻമാർക്ക് നൽകുന്ന പാസ്‌പോർട്ട് തൊഴിലുടമകൾ പിടിച്ചുവയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് റെസിഡൻസി കാർഡുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Loading...