തിരുവനന്തപുരം: സ്ഥാനത്തെ മിക്ക ബാറുകളിലും മദ്യം സ്റ്റോക്കില്ല. രാവിലെ മദ്യം വാങ്ങാനെത്തിയവരെ മടക്കി അയക്കുന്നു. നക്ഷത്ര ഹോട്ടലുകളിൽ വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം. ജനപ്രിയ ബ്രാൻഡുകൾക്കും ക്ഷാമം നേരിടുന്നു. മദ്യം വാങ്ങുന്നതിനായി ഇന്ന് ബവ് ക്യൂ ആപ്പിൽ ബുക്ക് ചെയ്തവർക്ക് ഇനി ജൂൺ രണ്ടിനു മാത്രമാകും അവസരം.

പലകാരണങ്ങളാല്‍ മദ്യം വാങ്ങാതെ പോന്നവരും ഇഷ്ട ബ്രാന്‍ഡ് ലഭിക്കാത്തവര്‍ക്കും ഇനി 4 ദിവസം കഴിഞ്ഞേ ബുക്കിങ് സാധ്യമാവൂ. കൊച്ചി കടവന്ത്രയിലെയും കുണ്ടന്നൂരിലെയും ഫോര്‍ട് കൊച്ചിയിലെയും നക്ഷത്രഹോട്ടലുകളില്‍ ടോക്കണ്‍ ലഭിച്ച് ചെന്നവരാണ് ശരിക്കും ഞെട്ടിയത്. റെമി മാര്‍ട്ടിന്‍, ഗ്ലെന്‍ഫിഡിച്, ഷിവാസ് റീഗല്‍ തുടങ്ങിയ മുന്തിയ ഇനം മദ്യം മാത്രം സ്റ്റോക്ക്. വില 2000 മുതല്‍ എണ്ണായിരം വരെ. ജവാന്‍ ചോദിച്ച് ചെന്നവര്‍ വിലകണ്ട് തലകറങ്ങി.  ചില ബാറുകളിലാണെങ്കില്‍ വീര്യം കൂടിയ ഇനങ്ങള്‍ ആദ്യമേ തീര്‍ന്നു. പിന്നെയുള്ളത് ബിയര്‍ മാത്രം.

തിരക്ക് ഒഴിവാക്കാനാണ് ടോക്കണ്‍ ഏര്‍പ്പെടുത്തിയതെങ്കിലും അതും വെറുതെയായി. ബവ്റിജസിനു മുന്നില്‍ ക്യൂ കുറവായിരുന്നെങ്കിലും  ബാറുകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പോലും പാലിക്കാതെ തിരക്കായിരുന്നു. പലയിടത്തും ടോക്കണ്‍ കിട്ടാതെ വന്നവര്‍ ടോക്കണ്‍ ലഭിച്ചവരെക്കൊണ്ട് ഒരു കുപ്പിയെങ്കിലും വാങ്ങിപ്പിക്കാന്‍ ക്യൂവിനു വട്ടം കൂടി. ടോക്കണില്ലാതെ മദ്യശാലയ്ക്ക് പരിസരത്തെത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നുള്ള ഡിജിപിയുടെ നിര്‍ദേശം പൊലീസും കാര്യമായെടുത്തില്ല. ഒരാഴ്ച കഴിയുമ്പോള്‍ ഇഷ്ട മദ്യക്കട തിരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാകുമെന്ന് ബാര്‍ ഉടമകളെ ബവ്റിജസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ബവ്ക്യൂ ആപ്പിന്റെ താളപ്പിഴകളോടെ സംസ്ഥാനത്ത് ഇന്നലെയാണു മദ്യവിൽപന പുനരാരംഭിച്ചത്. ആദ്യദിവസം ടോക്കൺ എടുത്തതു 2.25 ലക്ഷം പേർ. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ ആപ് തുറന്നപ്പോൾ ടോക്കൺ രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഒട്ടേറെപ്പേർക്ക് ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു. 

ബാറുകളിൽ രാവിലെ 9നു വിതരണം തുടങ്ങാറായപ്പോഴാണു ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സംവിധാനമില്ലെന്നു മനസ്സിലാകുന്നത്. ഇതിനു പാസ്‌വേഡ് നൽകിയിരുന്നില്ല. അതോടെ രാവിലെ സമയം ലഭിച്ചവർക്കും ഉച്ചയ്ക്കേ മദ്യം നൽകാനായുള്ളൂ. ടോക്കൺ ഇല്ലാതെ മദ്യം വാങ്ങാൻ വന്നവരുടെ കൂട്ടവും ഏറെയായിരുന്നു.

Loading...