മേപ്പാടി : ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് ഒരു മാസവും 6 ദിവസവും കഴിഞ്ഞിട്ടും കവളപ്പാറയിലും പുത്തുമലയിലും മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായധന വിതരണം പൂർണമായില്ല. സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച 4 ലക്ഷം രൂപ സഹായധനം മലപ്പുറം കവളപ്പാറയിൽ ഇതുവരെ വിതരണം ചെയ്തിട്ടില്ല . അതേസമയം, വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും കുടുംബങ്ങൾക്ക് ഈ ധനസഹായം ലഭിച്ചിട്ടുണ്ട്.കവളപ്പാറയിൽ മൃതദേഹങ്ങൾ കിട്ടിയ 48 പേരിൽ 35 പേരുടെ അവകാശികളെ കണ്ടെത്തിയതാണ്.

പോത്തുകല്ല് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ 8ന് നടന്ന ചടങ്ങിൽ ഇവർക്ക് സഹായധനം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സഹായധനം അനുവദിച്ചതു സംബന്ധിച്ച രേഖയുടെ കൈമാറൽ മാത്രമാണു നടന്നത്. പണം ഉടൻ അക്കൗണ്ടിലെത്തുമെന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി.ജലീൽ‍ വ്യക്തമാക്കിയത്. എന്നാൽ, ആരുടെയും അക്കൗണ്ടിൽ ഇതുവരെ പണമെത്തിയിട്ടില്ലെന്നാണ് പറയുന്നത്. പ്രളയത്തിൽ വീടുകൾ ഉൾപ്പെടെ തകർ‍ന്ന് നാശനഷ്ടം സംഭവിച്ചവർക്കും സഹായധനം കിട്ടിയില്ല.

പുത്തുമലയിൽ ഉരുൾപൊട്ടലിൽ 17 പേരാണു മരിച്ചത്. ഇവരിൽ 5 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ ദുരന്തബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം വൈകുന്നതായി ആക്ഷേപമുണ്ട്. ഒരുമാസം പിന്നിട്ടിട്ടും 40 ശതമാനം പേർക്കു മാത്രമാണു ധനസഹായമായ 10,000 രൂപ ലഭിച്ചത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് 22 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നുവെന്നാണു ഒൗദ്യോഗിക കണക്ക്.

അക്കൗണ്ട് വിവരങ്ങളും ആധാർ നമ്പറുകളും ലഭിക്കാൻ വൈകിയതാണ് സഹായവിതരണം നീളാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കൂടുതൽ പേർ ക്യാംപുകളിലുണ്ടായിരുന്നതിനാൽ അർഹരെ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ ധനസഹായ വിതരണം പൂർത്തിയാക്കും.

വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതും പുത്തുമലയിലാണ്. ഇവിടെ 150 ഏക്കർ സ്ഥലമാണ് ഒലിച്ചുപോയത്. പുത്തുമല, പച്ചക്കാട് മേഖലകൾ വാസയോഗ്യമല്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Loading...