യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ഹോളിവുഡില്‍ ശേഖര്‍ കപൂറാണ് ഷെയ്ഖ് സായിദിന്റെ ജീവിതം പകര്‍ത്തുക. എസ്ടിഎക്‌സ് ഫിലിംസ് സിനിമ നിര്‍മ്മിക്കുന്ന സിനിമയുടെ പ്രഖ്യാപനം വന്നത് ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷത്തിലാണ്.

യുഎഇ നേട്ടങ്ങളുടെ കൊടുമുടി കീഴടങ്ങുന്ന യാത്ര തുടങ്ങിയതും അവികസിത രാജ്യമായിരുന്ന യുഎഇ വികസിത രാജ്യമായി മാറിയതും ഷെയ്ഖ് സായിദിന്റെ ഭരണമികവിലൂടെയാണ്. 1918 മേയ് ആറിനു ജനിച്ച ഷെയ്ഖ് സായിദിന്റെ ജീവിതം അറബ് ചരിത്രത്തെ മാറ്റിമറിച്ച ഒന്നാണ്.മത്സ്യബന്ധനം പ്രധാന ഉപജീവന മാര്‍ഗമായിരുന്ന യുഎഇയുടെ ചരിത്രം തിരുത്തിയ ജീവിതമാണ് ഷെയ്ഖ് സായിദിന്റേത്. 1966 ഓഗസ്റ്റ് ആറിനാണ് ഷെയ്ഖ് സായിദ് അബുദാബിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്.

1971ല്‍ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്റെ നേതൃത്വത്തില്‍ ആറു എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രുപം കൊണ്ടു. ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അല്‍ ഖൈമയും ഫെഡറേഷനില്‍ ചേര്‍ന്നു. അബുദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, ഉം അല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍. 1971-2004 വരെ യുഎഇയുടെ ഭരണാധികാരി എന്ന നിലയില്‍ ഷെയ്ഖ് സായിദിന്റെ മികവ് തെളിയിച്ചു. അറബ് ലോകത്തെ ശത്രുത അവസാനിപ്പിക്കുന്നതിന് ഷെയ്ഖ് സായിദിന്റെ ആശയങ്ങള്‍ ഒരു പരിധി വരെ വിജയിച്ചിരുന്നു.

Loading...