പിതാവിന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെ്ട്ട് സുഡാനില്‍ നിന്നും ദുബാിലെത്തിയെങ്കിലും പാതി മലയാളിയായ ഹനി നാദിര്‍ മെര്‍ഗാനി അലിയുടെ ദുരിതങ്ങള്‍ തീരുന്നില്ല. ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണത്തിനു പോലും വകയില്ലാതെ അലയുകയാണ് ഹനി.

മാസം 1200 ദിര്‍ഹം ശമ്പളത്തില്‍ യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന സഹോദരിയുടെ പിന്‍ബലം മാത്രമാണ് ഹനിക്ക് ഇപ്പോഴുള്ളത്. നാട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന രോഗിയായ മാതാവിന്റെ ചികിത്സയും മറ്റു സഹോദരങ്ങളുടെ ഉത്തരവാദിത്വങ്ങളും ഇവര്‍ക്കുണ്ട്. എന്നാല്‍ നിത്യചെലവുകള്‍ കഴിഞ്ഞാല്‍ മറ്റൊന്നിനും പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഈ സഹോദരങ്ങള്‍. മലയാളിയായ മാതാവിനെയും സഹോദരിയേയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇ യില്‍ കണ്ടുമുട്ടിയ ഹനിയുടെ വാര്‍ത്ത കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളിലുടെ പ്രവാസ ലോകം അറിഞ്ഞതാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഡാനില്‍ നിന്ന് കോഴിക്കോട് സര്‍വകലാശാലയില്‍ പഠനത്തിന് വന്ന യുവാവ് നരിക്കുനിയില്‍ നൂര്‍ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തില്‍ പിറന്ന ഹനിയെ ചെറുപ്രായത്തില്‍ നഴ്സറിയില്‍ നിന്ന് ആരും അറിയാതെ പിതാവ് സുഡാനിലേക്ക് കൂട്ടിക്കൊണ്ടുപോയി .പിന്നീട് ഒരിക്കലും അദ്ദേഹം നൂര്‍ജഹാനെ കാണാന്‍ കേരളത്തില്‍ വന്നിട്ടില്ല. അതിനു ശേഷം സുഡാനില്‍ രണ്ടാനമ്മയുടെ സാന്നിധ്യത്തില്‍ പിതാവിന്റെ കൊടിയ പീഡനങ്ങളാണ് ഹനി ഏറ്റുവാങ്ങിയത്.

മാതാവിനെ കുറിച്ച് ചേദിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ കാണാമെന്നായിരുന്നു പിതാവ് ഹനിയോട് പറഞ്ഞിരുന്നത്.അവിടെ നിന്നുള്ള അവഗണന സഹിക്കാനാവാതെ സ്വന്തം ഉമ്മയുടെയും സഹോദരിമാരുടെയും അടുത്തേക്ക് പോകാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനിടയിലാണ് മണ്ണാര്‍ക്കാട് സ്വദേശി ഫറൂഖിനെ സുഡാനിലെ ഖാര്‍തുമില്‍ ഹനി പരിചയപ്പെടുന്നത്.

ഉമ്മയുടെയും കുടെപിറപ്പുകളുടെയും വിവരങ്ങളും വിവാഹ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള രേഖകളും ഫറൂഖിന് കൈമാറി. ഈ വിവരങ്ങള്‍ ഉപയോഗിച്ച് അബുദാബിയില്‍ ജോലി ചെയ്യുന്ന റഹീം പൊഴില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകളിലൂടെയാണ് നൂര്‍ജഹാന്റെ ബന്ധുവായ ഷിഹാബിനെ ബന്ധപ്പെടുന്നതും അദ്ദേഹം വഴി ദുബായിലുള്ള സഹോദരിയേയും മറ്റു ബന്ധുക്കളെയും വിവരമറിയിക്കുന്നതും. തുടര്‍ന്ന് സഹോദരിയും മറ്റു ബന്ധുക്കളും നാട്ടുകാരും മുന്‍കൈയെടുത്ത് ഹനിയെ കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് സന്ദര്‍ശക വീസയില്‍ കൊണ്ടുവന്നു. അതോടൊപ്പം നാട്ടില്‍ നിന്നു മാതാവ് നൂര്‍ജഹാനെയും ഇവിടെയെത്തിച്ചാണ് നീണ്ടകാലത്തിന് ശേഷം മകന്റെയും മാതാവിന്റെയും പുനസ്സമാഗമം യാഥാര്‍ഥ്യമാക്കിയത്.

പിന്നീട് ഷാര്‍ജയില്‍ ഹാനിക്ക് ഒരു ജോലിയും ലഭിച്ചു. ജീവിതം അല്ലലില്ലാതെ മുന്നോട്ട് പോകുന്നതിനിടയിലാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി ജോലി ഇല്ലാതെ കഷ്ടത്തിലാണ്. നന്നായി അറബിക് സംസാരിക്കാനും ടൈപ്പ് ചെയ്യാനും കഴിയുന്ന തനിക്ക് ഒരു നല്ല ജോലി തരപ്പെട്ടാല്‍ ഉമ്മയേയും കൂടപ്പിറപ്പുകളേയും നല്ല രീതിയില്‍ സംരക്ഷിക്കുമെന്നും ഹനി പറഞ്ഞു.

ഇന്ത്യയിലേക്ക് പോകാനും മാതാവിനൊപ്പം കഴിയാനും വേണ്ട രേഖകള്‍ ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ചില രേഖകള്‍ ഇല്ലാത്തതിനാല്‍ നടപടികള്‍ക്ക് കാലതാമസം വരുന്നുണ്ടെന്ന് വിഷയത്തില്‍ ഇടപ്പെട്ട സാമൂഹികപ്രവര്‍ത്തകര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് -0559473006.

Loading...