അക്കായ് പദ്മശാലി, ജഗദീഷ് ആയി ജനിച്ച്, 12 വയസ്സുവരെ അങ്ങനെ ജീവിച്ച ആളാണ് അക്കായ് പത്മശാലി. ഇവരെ ആയിരുന്നു കഴിഞ്ഞ ദിവസം ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫേസ്ബുക്ക് പേജില്‍ അവതരിപ്പിച്ചത്. ലോകത്തിന് സുപരിചിതയാണ് അക്കായ് പദ്മശാലി… പക്ഷേ, അവര്‍ അനുഭവിച്ച ജീവിതം… അത്ര അത്ര സുപരിചിതം ആയിരിക്കില്ല അധികമാളുകള്‍ക്കും.

ആണ്‍കുട്ടിയായിട്ടായിരുന്നു അക്കായ് പദ്മശാലിയുടെ ജനനം. ജഗദീഷ് എന്നായിരുന്നു പേര്. എട്ട് വയസ്സുള്ളപ്പോള്‍, വീട്ടുകാരെല്ലാം പുറത്ത് പോകാന്‍ കാത്തിരിക്കുമായിരുന്നു ജഗദീഷ്. ഒറ്റയ്ക്കായിരിക്കുമ്പോള്‍ അത്രത്തോളം സ്വാതന്ത്ര്യം തനിക്ക് അനുഭവിക്കാന്‍ സാധിച്ചിരുന്നു എന്നാണ് അവര്‍ പറയുന്നത്.

വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ തലയില്‍ ഒരു തുണി ചുറ്റും. അമ്മയുടെ കണ്‍മഷിയും ലിപ് സ്റ്റിക്കും ഉപയോഗിക്കും. അമ്മയുടെ ബ്രേസിയര്‍ ധരിക്കും, ഒരു സാരിയെടുത്ത് ചുറ്റും. എന്നിട്ട് ഒരു പെണ്‍കുട്ടിയെ പോലം നില്‍ക്കും. അന്ന് കണ്ണാടിയില്‍ മാത്രമേ തന്നെ ഒരു പെണ്‍കുട്ടിയായി തനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളു ന്ന് അക്കായ് പദ്മശാലി പറയുന്നു. തന്റെ ശാരീരിക-മാനസിക നിലയെ കുറിച്ച് വീട്ടുകാരോട് പറയാന്‍ പോലും സാധിക്കുമായിരുന്നില്ല. പവപ്പെട്ടവരും യാഥാസ്ഥിതികരും ആയിരുന്നു അവര്‍.

ഒരു ആണ്‍കുട്ടിയായി ജീവിക്കുക എന്നത് ജഗദീഷിനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. സ്‌കൂളില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. തന്റെ പെണ്‍പെരുമാറ്റങ്ങളെ പലരും പരിസഹിച്ചു. സ്‌കൂള്‍ നാടകങ്ങളില്‍ പെണ്‍വേഷം അവതരിപ്പിക്കുന്നതില്‍ മാത്രമായിരുന്നു അന്ന് ആശ്വാസം കണ്ടെത്തിയിരുന്നത്.

സ്‌കൂളിലെ സഹപാഠികള്‍ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. അവര്‍ കോമ്പസ്സുകൊണ്ട് കുത്തുകയും അടിക്കുകയും ചെയ്യുമായിരുന്നു- രക്തം വരും വരെ. നിനക്കെന്താണുള്ളത് എന്ന് കാണിക്കാന്‍ ആവശ്യപ്പെട്ട് അവര്‍ ശല്യം ചെയ്യുമായിരുന്നു. ഒരിക്കല്‍ മൂത്രപ്പുരയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സഹപാഠികള്‍ തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതും ഓര്‍ക്കുന്നുണ്ട് അക്കായ് പദ്മശാലി.

അക്കായ് പദ്മശാലി

ആരുടേയോ ഉപദേശം കേട്ട് ഒരിക്കല്‍ പിതാവ് തന്റെ കാലില്‍ തിളച്ച വെള്ളം ഒഴിച്ചതിനെ കുറിച്ചും അവര്‍ ഓര്‍ക്കുന്നു. പെണ്ണത്തം മാറിക്കിട്ടും എന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതായിരുന്നു. പിന്നീട് മൂന്ന് മാസത്തോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഈ വേദനകളെല്ലാം മരണം കൊണ്ട് അവസാനിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു അന്ന് ചിന്തിച്ചത്. ആത്മഹത്യാശ്രമവും നടത്തി. പക്ഷേ, മരണവും അന്ന് രക്ഷിച്ചില്ല.

ഒരിക്കല്‍ അടുത്തുള്ള ഒരു പാര്‍ക്കില്‍ വച്ചാണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിലെ ചിലരെ കാണുന്നത്. അവരോട് തന്റെ ദു:ഖങ്ങളെല്ലാം പങ്കുവച്ചു. അവര്‍ തന്നെ ഇരുകൈയ്യും നീട്ടി തങ്ങളില്‍ ഒരാളായി സ്വീകരിച്ചു എന്നാണ് അക്കായ് പദ്മശാലി പറയുന്നത്. അപ്പോള്‍ തന്റെ യഥാര്‍ത്ഥ കുടുംബത്തെ കണ്ടെത്തിയ ഒരു അനുഭവം ആയിരുന്നു അവര്‍ക്ക് അനുഭവപ്പെട്ടത്.

പനിനീര്‍പ്പൂക്കള്‍ വിതറിയ ഒരു ജീവിത പാതയൊന്നും ആയിരുന്നില്ല അക്കായ് പദ്മശാലിയെ അവിടെ കാത്തിരുന്നത്. ജീവിക്കാന്‍ വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായി, 20 രൂപയ്ക്ക് വേണ്ടി ഓറല്‍ സെക്സ് ചെയ്തുകൊടുക്കേണ്ടി വന്ന അനുഭവത്തെ കുറിച്ചും അക്കായ് പദ്മശാലി പറയുന്നുണ്ട്. നാല് വര്‍ഷത്തോളം ഇത്തരത്തിലായിരുന്നു ജീവിതം മുന്നോട്ട് പോയത്.

ഇതിന് ശേഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി. അതുകൊണ്ട് മാത്രം എല്ലാം ശരിയാവില്ലെന്ന് അക്കായ് പദ്മശാലിക്ക് അറിയാമായിരുന്നു. പിന്നീട് 2004 ല്‍ ട്രാന്‍സ് ജെന്‍ഡറുകളുടെ ജീവിതാവസ്ഥകളെ കുറിച്ച് വിശദമായി പഠിക്കാന്‍ ഒരു സംഘടനയുടെ ഭാഗമായി. ഇതേ തുടര്‍ന്നാണ് ഓണ്‍ഡേ എന്ന സംഘടന തന്നെ അക്കായ് പദ്മശാലി രൂപീകരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷങ്ങളായി അക്കായ് പദ്മശാലി ട്രാന്‍ജ് ജെന്‍ഡറുകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഒരിക്കല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിയുടെ ക്ഷണം ലഭിച്ചു. ടെഡ് എക്സ് ടോക്കില്‍ തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചു.

തന്റെ ഏറ്റവും വലിയ നേട്ടമായി അക്കായ് പദ്മശാലി പറയുന്നത് മറ്റൊന്നാണ്. കര്‍ണാടകത്തിലെ ആദ്യത്തെ ട്രാന്‍ഡ് ജെന്‍ഡര്‍ വിവാഹം ഇവരുടേതായിരുന്നു. തന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു പുരുഷനുമായിട്ടായിരുന്നു ആ വിവാഹം.

തന്നെ ഏറ്റവും സന്തോഷിപ്പിച്ച സംഭവത്തെ കുറിച്ചും അക്കായ് പദ്മശാലി പറയുന്നുണ്ട്. ഐപിസി 377 -ാം വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ കുറിച്ചുള്ള വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ ആയിരുന്നു അത്. താന്‍ ശരിക്കും കരഞ്ഞുപോയി എന്നാണ് അക്കായ് പറയുന്നത്. അവസാനം തങ്ങള്‍ക്കും ശ്വസിക്കാം എന്നായിരിക്കുന്നു…

കടപ്പാട്: Oneindia malayalam

Loading...