തൃശ്ശൂർ : സമൂഹമാധ്യമത്തിലെ പരസ്യങ്ങളെല്ലാം വിശ്വസിച്ച് നിരവധി പേരാണ് ഇന്നത്തെകാലത്ത് തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത് . എവിടെ ഓഫറുകൾ ഉണ്ടെന്നറിഞ്ഞാലും അവിടെയൊക്ക ചാടിക്കയറി ഓർഡർ ചെയ്യുന്ന പ്രകൃതക്കാരനാണ് നമ്മൾ . ഇത്തരത്തിൽ ലോക്കഡോൺ ഓഫർ എന്ന പേരിൽ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തട്ടിൽ ഓൺലൈൻ വഴി ഫോൺ വാങ്ങിയ യുവതിക്ക് നഷ്ടമായത് 50,000 രൂപ! ഗുരുവായൂർ സ്വദേശിയായ ബിടെക് ബിരുദമുള്ള യുവതിയാണ് ഓൺലൈൻ തട്ടിപ്പിനിരയായത്.

ഫെയ്സ്ബുക്കിൽ ലഭിച്ച മൊബൈൽ ഫോണിന്റെ പരസ്യത്തിലാണു യുവതി കുടുങ്ങിയത്.10,000 രൂപയിലധികം വില വരുന്ന സ്മാർട്ട് മൊബൈൽ ഫോൺ 799 രൂപയ്ക്കു കിട്ടുമെന്നും കോവിഡ് ലോക്ഡൗൺ വിലക്കിഴിവുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരസ്യത്തിലൂടെ യുവതി എത്തിയത് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലാണ്. തുടർന്നു വിലാസവും ഫോൺ നമ്പറും നൽകി ഫോൺ തിരഞ്ഞെടുത്ത് 799 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നു നൽകി.

പുതിയ മൊബൈൽ എത്തുമെന്നു കരുതി കാത്തിരുന്ന യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ 50,000 രൂപയാണ് നഷ്ടപ്പെട്ടത്. എടിഎം പിൻ നമ്പറോ, വൺ ടൈം പാസ്‌വേർഡും (ഒടിപി) നൽകാതെ എങ്ങനെ പണം നഷ്ടപ്പെട്ടെന്നു മനസ്സിലാകാതെ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടർന്നു ഗുരുവായൂർ പൊലീസിനു പരാതി നൽകി. തൃശൂർ സിറ്റി പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

പ്രമുഖ ഓൺലൈൻ വ്യാപാര വെബ് സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്സൈറ്റുകൾ വഴിയാണ് തട്ടിപ്പു നടത്തിയത്. സമൂഹമാധ്യമങ്ങളിലെ പരസ്യചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താൽക്കാലിക വെബ്സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും. തുടർന്നു തിരഞ്ഞെടുത്ത വസ്തുക്കൾ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ ഫോൺ നമ്പർ, വിലാസം എന്നിവ കൈക്കലാക്കും. ഇന്റർനെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണിത്.

Loading...