ചെന്നൈ: അന്യസമുദായത്തില്‍നിന്നുള്ള യുവതിയെ പ്രണയിച്ചതിന്റെപേരില്‍ തിരുവണ്ണാമലയില്‍ യുവാവിനെ കൊലപ്പെടുത്തി. കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ചെന്നൈയില്‍നിന്ന് ഗ്രാമത്തില്‍ തിരിച്ചെത്തിയ യുവാവിനെ കാമുകിയുടെ അച്ഛനും ബന്ധുവും ചേര്‍ന്നാണ് കൊന്നത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു.

ആരണി താലൂക്കില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മൊറപ്പന്‍തങ്ങള്‍ ഗ്രാമത്തില്‍ താമസിക്കുന്ന സുധാകര്‍ (25) ആണ് മരിച്ചത്. അയല്‍ഗ്രാമത്തില്‍നിന്നുള്ള ശര്‍മിള (19) എന്ന യുവതിയുമായി സുധാകര്‍ അടുപ്പത്തിലായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും വ്യത്യസ്ത സമുദായാംഗങ്ങളായിരുന്നതിനാല്‍ ശര്‍മിളയുടെ വീട്ടുകാര്‍ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. ആറുമാസംമുമ്പ് ഇരുവരും ഒളിച്ചോടി വാലജാപ്പെട്ടിലെ ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്ത് പത്തുദിവസത്തോളം ഒന്നിച്ച് താമസിച്ചിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

ഇതിനിടെ ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയ ശര്‍മിളയുടെ ബന്ധുക്കള്‍ യുവതിയെ തിരിച്ചുകൊണ്ടുപോയി. പിന്നീട് അവര്‍ നാട്ടുകൂട്ടം വിളിച്ചുചേര്‍ത്ത് ഇരുവരുടെയും ബന്ധം പിരിക്കുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് നാട്ടില്‍ നില്‍ക്കാനാകാതെ യുവാവ് ജോലിതേടി ചെന്നൈയിലേക്ക് പോയത്. കൊറോണ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ അവധി ലഭിച്ച ഇയാള്‍ കഴിഞ്ഞയാഴ്ച വീട്ടില്‍ തിരിച്ചെത്തി.

അതിനുശേഷം അയല്‍ഗ്രാമത്തിലെത്തി കാമുകിയെ കണ്ടിരുന്നു. ഇതു ചോദ്യംചെയ്യാനായി യുവതിയുടെ അച്ഛനായ മൂര്‍ത്തിയും (45) ബന്ധു കതിരവനും (25) കഴിഞ്ഞദിവസം സുധാകറിനെത്തേടി മൊറപ്പന്‍തങ്ങളിലെത്തി.തുടര്‍ന്നുനടന്ന വാക്കേറ്റം കൈയാങ്കളിയായതോടെ കൈയില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രതികള്‍ സുധാകറിനെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവംകണ്ട നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തി സുധാകറിനെ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രദേശത്ത് ജാതിസംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കി.

Loading...