ലണ്ടൻ: ഭർത്താവിനെ പുറത്താക്കി പുതുതായി വാങ്ങിയ വീട്ടിൽ കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയെ തേടിയെത്തിയത് മരണം.യുവതിയെയും കാമുകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ഡെർബിഷെയറിലുള്ള ഡഫീൽഡിലാണ് സംഭവം നടന്നത്. ഭർത്താവുമായി ചേർന്ന് വാങ്ങിയ വീട്ടിലേക്കാണ് ഹെലൻ കാമുകനുമായി താമസം തുടങ്ങിയത്. തന്റെ മുൻ ഭർത്താവും സ്‌കൂൾ ഹെഡ്ടീച്ചറുമായിരുന്ന റിസ് ഹാൻകോക്കിനൊപ്പം താമസിച്ച് വരികയായിരുന്ന 39 വയസുകാരിയായ ഹെലൻ ആൽമി ഏതാനും മാസങ്ങൾക്ക് മുൻപാണ് തന്റെ കാമുകനൊപ്പം താമസമാക്കിയത്.

എന്നാൽ ന്യൂ ഇയർ ദിനത്തിൽ എല്ലാം മാറിമറിയുകയായിരുന്നു. പുലർച്ചെ മൂന്നു മണിക്ക് ഇവരുടെ വീട്ടിൽ നിന്നും നിലവിളികൾ ഉയർന്നതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞ് പൊലീസ് വീട്ടിലേക്കെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഹെലനെയും കാമുകനെയുമാണ് കാണാൻ സാധിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് 39 വയസുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഹെലന്റെ മുൻ ഭർത്താവാണോ എന്ന വിവരം ലഭ്യമല്ല. ഹെലന്റെ മുൻഭർത്താവ് റിസിനും 39 വയസുതന്നെയാണ് പ്രായം.

ഏറെ നാളുകളായി തന്റെ ഭർത്താവിൽ നിന്നും ഹെലൻ വിവാഹമോചനം നേടാനായി ശ്രമം നടത്തുകയായിരുന്നുവെന്നാണ് ഹെലന്റെ അയൽക്കാർ പറയുന്നത്. ഹെലൻ നന്മയുള്ള ഒരു സ്ത്രീ ആയിരുന്നുവെന്നും ഹെലനെയും മുൻ ഭർത്താവിന്റെയും കുട്ടികളുടെ കാര്യമാണ് ഇനി കഷ്ടമെന്നും ഇവർ പറയുന്നു. ആറ് മാസം മുൻപാണ് ഹെലൻ തന്റെ കാമുകനുമായുള്ള ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷം ഹെലൻ സന്തോഷവതിയായിരുന്നുവെന്നും അയൽക്കാർ ചൂണ്ടിക്കാട്ടുന്നു.

Loading...