ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രമുഖ വ്യവസായി എം.എ. യൂസഫലിക്കു മറക്കാനാവാത്ത അനുഭവമായി.

യുഎഇ സംഘത്തിനൊപ്പമെത്തിയ യൂസഫലിയെ ‘ഇദ്ദേഹം വളരെ നല്ല മനുഷ്യനാണ്’ എന്നു വിശേഷിപ്പിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തിയത്. ഒരു ചെറുചിരിയോടെ ‘ഇദ്ദേഹം അതിഥിയും ഒപ്പം ആതിഥേയനുമാണ്’ എന്നായിരുന്നു മോദിയുടെ പ്രതികരണം. ഇരുലോകനേതാക്കളുടേയും വാക്കുകള്‍ തനിക്കു ലഭിച്ച വലിയ ബഹുമതിയാണെന്ന് എം.എ. യൂസഫലി പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടുകള്‍ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഇരുമേഖലകള്‍ക്കും ഇതുവഴി മെച്ചമുണ്ടാകും. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം യുഎഇയിലെ 26 ലക്ഷം പ്രവാസികള്‍ക്ക് ഏറെ സന്തോഷമേകുന്ന കാര്യമാണ്. 75 ബില്യണ്‍ ഡോളറാണ് യുഎഇ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. ഭീകരവിരുദ്ധ പോരാട്ടങ്ങളിലും ഇരുരാജ്യങ്ങളും കൈകോര്‍ത്തു മുന്നേറുന്നതു ഗുണകരമാണെന്നും എം.എ. യൂസഫലി പറഞ്ഞു.

Loading...