ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിൽ വധഭീഷണി നേരിടുകയാണ് ബ്ലോഗറായ മദീന ബസയേവയെന്ന റഷ്യൻ യുവതി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ധരിച്ച വസ്ത്രത്തിനിടയിലൂടെ വയറുകാണുന്നു എന്നതാണ് സദാചാരപൊലീസുകാർ മദീനയുടെ പേരിൽ ചാർത്തിയ കുറ്റം.

13 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയെച്ചൊല്ലിയാണ് ഈ കോലാഹലമത്രയും.പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോയാണ് മദീന പോസ്റ്റ് ചെയ്തത്. പോസ്റ്റിനുകീഴിൽ മുഴുവൻ മദീനയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ്. പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുമ്പോൾ അതിനൊക്കെ മറുപടി ലഭിക്കുമെന്ന കാര്യം മറക്കരുതെന്ന് ഒരാൾ ഭീഷണിപ്പെടുത്തുന്നു. മരിക്കാൻ തയ്യാറെടുത്തുകൊള്ളാൻ ഉപദേശിക്കുന്നതാണ് പല കമന്റുകളും.

Loading...

ഓൺലൈനിലൂടെ മദീനയ്ക്കുനേരെ നേരത്തെയും ആക്രമണങ്ങളുണ്ടായിരുന്നു. താനെന്തുചെയ്താലും ചിലർ എതിർപ്പുമായി രംഗത്തുവരുമെന്നും മദീന പറയുന്നു. വസ്ത്രം ധരിച്ചാൽ അതുകൊള്ളില്ലെന്ന് പറയും. ധരിച്ചില്ലെങ്കിൽ അത് സദാചാരവിരുദ്ധമാണെന്ന വാദവുമായി വരും. എല്ലാക്കാര്യത്തിലും നിങ്ങളെ തൃപ്തിപ്പെടുത്താനായെന്ന് വരില്ലെന്ന് വിമർശകരോട് മദീന പറയുന്നു.

തനിക്കുനേരെയുണ്ടായ ഭീഷണികളെക്കുറിച്ച് മദീന പൊലീസിൽ പരാതിപ്പെട്ടോ എന്ന് വ്യക്തമല്ല. മദീനയ്ക്കുനേരെ വിമർശനമുന്നയിക്കുന്നവരെ ചോദ്യം ചെയ്തും മദീനയെ പിന്തുണച്ചും ധാരാളം പേർ ഇൻസ്റ്റഗ്രാമിൽ കമന്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെപ്പോർ ഈ വീഡിയോ ഷെയർ ചെയ്തും മദീനയോടുള്ള പിന്തുണ വ്യക്തമാക്കുന്നു. മുസ്ലിം മതത്തിൽപ്പെട്ട താഡ്ഷികി വിഭാഗക്കാരിയാണ് മദീന.


 

 
Loading...