ഗൂഗിൾ പ്ലേ സ്റ്റോർ– ആൻഡ്രോയ്ഡ് ആപ്പുകളുടെ ഈ ആഗോള മാർക്കറ്റ് സന്ദർശിക്കുന്നതു മാസം നൂറു കോടിയോളം പേർ. അവർക്കു മുന്നിൽ എന്തിനും പോന്ന 20 ലക്ഷത്തിലേറെ കിടിലൻ ആപ്പുകൾ. ഏഴു ലക്ഷം ആപ് നിർമാതാക്കൾ തന്നെയുണ്ട്, പ്ലേ സ്റ്റോറിൽ. ഇത്രയും ആഴമേറിയ ആപ് സമുദ്രത്തിൽ ഒന്നു ശ്രദ്ധിക്കപ്പെടുന്നതുപോലും വലിയ സംഭവം. അപ്പോൾ, ഗൂഗിളിന്റെ ടോപ് ഡവലപ്പർ ബഹുമതി കിട്ടുന്നതു ചില്ലറക്കാര്യമാണോ ? മികച്ച ആപ്പിനുള്ള എഡിറ്റേഴ്സ് ചോയ്സ് അംഗീകാരം ആയാലോ? ഇനി, ഇതു രണ്ടും കൂടി ഒരു മലയാളി കമ്പനിക്കു കിട്ടിയാലോ ? അതും ഒരു സ്റ്റാർട്ടപ്പിന്.

ആ നേട്ടം കുക്കറി ആപ് വികസിപ്പിച്ചതിനായാലോ! ആറു മലയാളിപ്പിള്ളേർ ചേർന്നുണ്ടാക്കിയ റിയാഫൈ ടെക്നോളജീസ് വികസിപ്പിച്ച കുക് ബുക് ആപ് ഡൗൺലോഡ് ചെയ്തത് ഒന്നും രണ്ടുമല്ല, 40 ലക്ഷം പേർ! 2013 സെപ്റ്റംബറിൽ പ്ലേ സ്റ്റോർ മാർക്കറ്റിലെത്തിയ കുക് ബുക് ഇന്നു ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന കുക്കിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ്. രുചിക്കൂട്ടുകളുടെ രസതന്ത്രം നേടുന്നവർക്കൊരു ഡിജിറ്റൽ പാചകപ്പുസ്തകം.

എല്ലാ ആൻഡ്രോയ്ഡ് ഡിവൈസുകളിലും ഉപയോഗിക്കാം. ഗൂഗിൾ ടോപ് ഡവലപ്പർ, എഡിറ്റേഴ്സ് ചോയ്സ് ബഹുമതികൾ ലഭിച്ച ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലൊന്നാണു എറണാകുളം കാക്കനാട് ആസ്ഥാനമായ റിയാഫൈ.

rify-team.jpg.image.784.410_800x418പരിചയപ്പെടാം യുവ സംഘത്തെ. 2013 ലാണു റിയാഫൈ ജനിച്ചത്. ജോൺ മാത്യുവാണു സിഇഒ. ജോസഫ് ബാബു സിഎംഒയും ബെന്നി സേവ്യർ സിഐഒയും നീരജ് മനോഹരൻ സിഒഒയും. കെ.വി.ശ്രീനാഥാണു സിടിഒ; ബിനോയ് ജോസഫ് സിഎഫ്ഒയും. സ്കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായ ഇവരെല്ലാം എൻജിനീയർമാരാണ്. ബെന്നി വൈക്കം സ്വദേശി. ആലപ്പുഴ സ്വദേശിയാണു നീരജ്. ബാക്കിയെല്ലാവരും എറണാകുളം സ്വദേശികൾ.

https://play.google.com/store/apps/dev?id=5870118196889058228

ഇനി, കുക് ബുക്കിനെപ്പറ്റി: ആസാദ്യകരമായ അനേകം വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ആപ്പിന്റെ പ്രധാന ഉള്ളടക്കം. അതതു കാലത്തിന് ഇണങ്ങിയ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ വിരലിൽ തൊട്ടെടുക്കാം. ആദ്യം ഇഷ്ട വിഭവം കണ്ടെത്തുക, പാചകരീതി വിശദമായുണ്ടാകും. ഇഷ്ട വിഭവം തയാറാക്കുന്നതു മുൻകൂട്ടി ഓർമിപ്പിക്കാൻ പ്ലാനർ ഓപ്ഷനുണ്ട്.

കയ്യിൽ കുറച്ചു മുട്ടയും തക്കാളിയുമുണ്ടെന്നു കരുതുക. ഇതുകൊണ്ട് എന്തുണ്ടാക്കാമെന്നു സെർച്ച് ചെയ്താൽ ദാ വരും ഒരുപിടി വിഭവങ്ങളുടെ വിശദവിവരങ്ങൾ. റിലേഷനൽ ഇന്റലിജെൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആപ് വികസിപ്പിച്ചത്. ഇതിനുള്ള പേറ്റന്റും റിയാഫൈക്കു സ്വന്തം.

പത്തു ലക്ഷത്തോളം പാചകക്കുറിപ്പുകളാണു കുക് ബുക്കിലുള്ളതെന്നു ജോസഫ് ബാബു പറയുന്നു. ഐഒഎസ്, വിൻഡോസ് വേർഷനുകളും ഉടനെയെത്തും.

Loading...