സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച യുവതി പത്തു വര്‍ഷത്തിന് ശേഷം പിടിയിലായി. വീട്ടുടമ സ്ഥലത്ത് ഇല്ലാത്ത സമയത്ത് അവരുടെ മുറിയില്‍ കയറിയാണ് ഏഷ്യക്കാരിയായ ജോലിക്കാരി മോഷണം നടത്തിയത്. ഇവരെ വിചാരണയ്ക്കായി ഷാര്‍ജയിലേക്ക് കൊണ്ടുവന്നു.

സ്‌പോണ്‍സറുടെ 11 വയസ്സുള്ള മകനാണ് ജോലിക്കാരി മാതാവിന്റെ മുറിയില്‍ പ്രവേശിക്കുന്നത് കണ്ടത്. അവിടെ എത്തിയ സ്ത്രീ കുറച്ചുനേരം സമയം ചെലവിടുകയും ചെയ്തുവെന്ന് പ്രമുഖ മാധ്യമമായ അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു. മുറിക്കുള്ളില്‍ നിന്നും ചില ശബ്ദങ്ങള്‍ കേട്ടുവെന്നും കയ്യില്‍ കറുത്ത ബാഗുമായാണ് ജോലിക്കാരി പുറത്തേക്ക് വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് പ്രധാന റോഡിന് സമീപമുള്ള വേസ്റ്റ് ബിന്നിലേക്ക് ഈ ബാഗ് വലിച്ചെറിയുകയും ചെയ്തു. ഇതിനു പിന്നാലെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും സ്ത്രീ അപ്രത്യക്ഷയായി. വീട്ടില്‍ നിന്നും പോകുന്നതിന് മുന്‍പ് സ്‌പോണ്‍സര്‍ സൂക്ഷിച്ചിരുന്ന പാസ്‌പോര്‍ട്ടും സ്വര്‍ണവും യുവതി സ്വന്തമാക്കിയിരുന്നു.

യുവതിയുടെ റസിഡന്റ്‌സി സ്റ്റാറ്റസ് പരിശോധിച്ചപ്പോഴാണ് ഇവര്‍ക്കെതിരെ 10 വര്‍ഷം മുന്‍പ് ഒരു കേസ് ഫയല്‍ ചെയ്തിരുന്നുവെന്ന് വ്യക്തമായത്. ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും ഇവര്‍ മുങ്ങിയതാണെന്നും അറിയാന്‍ സാധിച്ചു. തുടര്‍ന്ന് നടപടികള്‍ക്കായി ഇവരെ ഷാര്‍ജയിലേക്ക് കൊണ്ടുവരികയായിരുന്നു.

Loading...