ബാറിൽ എനിക്കെതിരെ ഉള്ള സീറ്റിൽ ഇരുന്നു മദ്യപിക്കുന്നവളെ കണ്ട് ഞാനൊന്നു ഞെട്ടി…
അത് …. അതവളല്ലേ…..? വേദ …. അതേ അവൾ തന്നെ….

അവളെന്നെ കാണാതിരിക്കാൻ ഞാൻ അൽപം മാറി ഇരുന്നു. പുരുഷ മേധാവിത്വത്തിന്റെ കേന്ദ്രമായ ബാറിൽ ഒരു പെണ്ണിരുന്നു മദ്യപിക്കുന്നു. യാതൊരു മടിയുമില്ലാതെ. പലരുടേയും നോട്ടം അവളിലാണ്. എന്നാൽ അവളതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല.

മനസ്സ് വർഷങ്ങൾക്ക് പിന്നിലേക്ക് പാഞ്ഞു… കോളേജിൽ തനിക്കൊപ്പം പഠിച്ച വേദ… പഠിപ്പിലും നൃത്തത്തിലും എല്ലാം ഒന്നാമതായ തനി നാടൻ പെൺകുട്ടി….
അവളാണിങ്ങനെ ബാറിൽ പരസ്യമായി മദ്യപിക്കുന്നത്.
വിശ്വസിക്കാനാവുന്നില്ല…

സ്നേഹിച്ചവൾ തേച്ചിട്ടു പോയ അന്നു മുതൽ താനിവിടെ നിത്യ സന്ദർശകനാണ്. എന്നിട്ടും ആദ്യമായാണ് ഒരു പെണ്ണിനെ ഇവിടെ കാണുന്നത്.

ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഗ്ലാസുകൾ വീണുടയുന്ന ശബ്ദം …
ഞാൻ തിരിഞ്ഞു നോക്കിയതും വേദയുടെ കൈ അരികെ നിൽക്കുന്ന ആളുടെ കരണത്ത് ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു…
എല്ലാവരും അവിടേക്ക് നോക്കി തരിച്ച് നിൽക്കുന്നു…

രംഗം വഷളാകുന്നതിനു മുമ്പേ ഞാൻ ഇടയിൽ കയറി …
വെയ്റ്ററുടെ കൈകളിലേക്ക് പൈസ വച്ചു കൊടുത്ത് അവളുടെ കൈ പിടിച്ച് വലിച്ച് വെളിയിലിറക്കി.. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുന്നേ ഞാൻ അവളെ തള്ളി കാറിലേക്ക് കയറ്റി.

നേരെ നിൽക്കാത്ത കണ്ണുകളോടെ അവളെന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

രഞ്ചൻ…. ഓ നീയായിരുന്നോ…?
നീയെന്തിനാ എന്നെ…?

ഞാൻ നിന്നെ ഉപദ്രവിക്കാൻ കൊണ്ടു വന്നതല്ല. നീ തല്ലിയവൻ ഒരു ക്രിമിനലാ…

അത് അവനെന്നെ അസഭ്യം പറഞ്ഞിട്ടാ …

നിനക്ക് നാണമില്ലേ വേദാ ഇങ്ങനെ ബാറിൽ വന്നിരുന്ന് പരസ്യമായി മദ്യപിക്കാൻ….?

അപ്പൊ നീ ബാറിൽ പോയത് സിനിമ കാണാൻ ആയിരുന്നോ രഞ്ചൻ…?

എന്നെ പോലാണോ നീ…?
നീയൊരു പെണ്ണല്ലേ …?

കൊള്ളാം ആണിനും പെണ്ണിനും രണ്ടു നിയമം.
കൊള്ളാം…. രഞ്ചൻ..
പക്ഷേ കണ്ണീരും സങ്കടങ്ങളും വേദനയും ഒരു പോലെ തന്നെയാണ് രഞ്ചൻ…
അത് ആണായാലും പെണ്ണായാലും…

ഇതിനു മുന്നേ പലപ്പോഴും ഞാൻ നിന്നെ കണ്ടിട്ടുണ്ട്…
തേച്ചിട്ടു പോയവളെ ഓർത്ത് മദ്യപിച്ച് നശിക്കുന്ന നിന്നെ….

നിങ്ങൾ ആണുങ്ങൾക്ക് മദ്യം സന്തോഷവും സമാധാനവും തരുന്നുവെങ്കിൽ പിന്നെ ഞങ്ങൾക്കെന്തു കൊണ്ട് ആയിക്കൂടാ…?
എന്തിനാണ് ഞങ്ങൾ സ്ത്രീകൾക്കു മാത്രം വേലിക്കെട്ടുകൾ…?

ഒരു പെണ്ണു തേച്ചിട്ടു പോയാൽ.. പ്രിയപ്പെട്ടവരെ നഷ്ടമായാൽ…
സാമ്പത്തിക ബാധ്യത ഉണ്ടായാൽ… അങ്ങനെ എന്ന് പ്രതിസന്ധി ഉണ്ടായാലും നിങ്ങൾ ആണുങ്ങളിൽ പലരും മദ്യത്തെ ആണ് ആദ്യം ആശ്രയിക്കുക.

ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന ഞങ്ങളെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?
കണ്ണീരിന്റെ ഉപ്പുമായി ഉരുകിത്തീരാൻ വിധിക്കപ്പെട്ട ഞങ്ങളെപ്പറ്റി…

വേദാ ഒക്കെ ഞാൻ സമ്മതിക്കുന്നു…
നീ പറയൂ …
എന്താ നിന്റെ പ്രശ്നം…?

എന്തിന്….?
പറഞ്ഞിട്ടെന്താ നേട്ടം …?
അത് കേൾക്കുന്ന നീയുൾപ്പെടുന്ന മറ്റുള്ളോർക്ക് അത് നിസ്സാരം. അല്ലെങ്കിൽ ഒരു കഥ മാത്രം.
അനുഭവത്തിനല്ലേ തീവ്രതയുണാകൂ…?

ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന്റെ കഥ ഞാൻ നിന്നോട് പറഞ്ഞാൽ നിനക്കതൊരു കഥ മാത്രം. പക്ഷേ ആ പരസ്ത്രീ എന്റെ സ്വന്തം അനിയത്തി ആവുമ്പോൾ എന്റെ അനുഭവത്തിന്റെ തീക്ഷ്ണത വാക്കുകളിൽ ഒതുക്കാനാവില്ല…

ഇത്രയും പറഞ്ഞവൾ നിർത്തിയപ്പോൾ അവൾക്കൊപ്പം എന്നിലേയും മദ്യത്തിന്റെ ലഹരി വിട്ടൊഴിഞ്ഞിരുന്നു.

രഞ്ചൻ നീറുന്ന ഓർമ്മകൾ അവസാനിപ്പിക്കാൻ ബോധം മറയണം… അതിനാ ഞാനിങ്ങനെ..
ആത്മഹത്യ ചെയ്യാൻ മനസ്സു വന്നില്ല.

നിനക്കറിയുന്ന പൊട്ടി പെണ്ണായ പഴയ വേദ ഇത്രയധികം മാറണമെങ്കിൽ നീ ഓർത്തു നോക്കൂ എന്റെ അനുഭവങ്ങളുടെ തീവ്രത…

രഞ്ചൻ എന്റെ വഴി തെറ്റാണെന്ന് എനിക്ക് നന്നായറിയാം അയാളുടെ മുന്നിൽ ജയിക്കാൻ ഒരു കാട്ടിക്കൂട്ടൽ മാത്രമാണിത്.

ഭാര്യ ബാറുകൾ തോറും കയറി ഇറങ്ങുന്നു എന്നു പറയുന്നത് അയാൾക്ക് അപമാനമാണല്ലോ…?
അങ്ങനെങ്കിലും എനിക്കൊന്ന് ജയിക്കണം…

വേദാ നീ പറഞ്ഞത് ശരിയാണ് മദ്യപിക്കുന്ന ഒരാണും ആ ശീലം വരുത്തി വയ്ക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. തന്റെ പ്രിയപ്പെട്ടവർ, നഷ്ടപ്പെടുന്ന സമാധാനം ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല.

യാതൊരു ലഹരിയുടേയും സഹായമില്ലാതെ ഒരു പെണ്ണിന് തന്റെ സങ്കടങ്ങളെ അതി ജീവിക്കാൻ ആകുമെങ്കിൽ എന്തു കൊണ്ട് ഒരാണിന് ആയിക്കൂടാ…

ഉം…

അവൾ ഒന്നു മൂളുക മാത്രം ചെയ്തു.

വീടിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ പതിയെ അവളിറങ്ങി എന്നെ നോക്കി ചിരിച്ച് കണ്ണു കൊണ്ട് യാത്ര പറഞ്ഞു.

വേദാ ഞാനൊരു കാര്യം ചോദിക്കട്ടെ…?

എനിക്കു നീയും നിനക്ക് ഞാനും ലഹരിയാകുമെങ്കിൽ നമുക്കീ ശീലം നിർത്തിക്കൂടേ…?

എന്റെ ചോദ്യം മനസ്സിലാവാത്തതിനാലാവണം അവളെന്നെ തുറിച്ചു നോക്കിയതിനു ശേഷം നടന്നു …

ഒരിക്കൽ കൂടി തിരിഞ്ഞ് നിന്ന് എന്നെ നോക്കി പുഞ്ചിരിച്ചു….

രചന: അതിഥി അമ്മു

Loading...