സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത സംഭവത്തില്‍ മലയാളി യുവാവിന്റെ ജയില്‍ ശിക്ഷ ഇരട്ടിയാക്കി. അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി പത്ത് വര്‍ഷമായി ഉയര്‍ത്തിയത്. സൗദിയിലെ നിയമ വ്യവസ്ഥക്ക് എതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തിയെന്നായിരുന്നു കേസ്.

ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു കഴിഞ്ഞ വര്‍ഷം ദമ്മാം ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. രാജ്യത്തിനും പ്രാവാചകനുമെതിരെ അപകീര്‍ത്തിപരമായി ഒരു വനിതയുമായി ട്വിറ്ററില്‍ നടത്തിയ ആശയ വിനിമയത്തെത്തുടര്‍ന്നാണ് ദമ്മാമില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയുമാണ് വിഷ്ണുവിന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ചത്. എന്നാല്‍ ശിക്ഷ പുനഃപരിശോധിക്കാന്‍ അപ്പീല്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പത്തു വര്‍ഷമായി ദമ്മാം ക്രിമിനല്‍ കോടതി വര്‍ദ്ധിപ്പിച്ചത്. രാജ്യത്തെ മതപരവും ധാര്‍മികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും കുറ്റകരമാണ്.ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയ ശേഷം ഒരു ഇന്ത്യക്കാരന്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസായിരുന്നു വിഷ്ണു ദേവിന്റേത്.

Loading...