പ്രധാനമന്ത്രി നരേന്ദ്ര മോദിയുട വിദ്യാഭ്യാസ യോഗ്യതയും ഡിഗ്രി സര്‍ട്ടിഫിക്കറ്റും അടക്കമുളളവ ഏറെ നാളായി വിവാദത്തിലാണ്. 17ാം വയസ്സില്‍ ഹിമാലയത്തില്‍ പോയെന്നതുള്‍പ്പെടെയുളള മോദിയുടെ വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുന്നു. അതിനിടെ മോദിയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നാണ് പരിഹാസം.

മോദി നിരവധി പ്രസംഗങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ശരിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ മോദിക്ക് അറിയില്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ മോദിക്ക് സ്ഥിരമായി ടെലിപ്രോംറ്ററിന്റെ സഹായം വേണ്ടി വരുന്നത് എന്നും മമത പരിഹസിച്ചു.

എല്ലാ മാധ്യമങ്ങള്‍ക്കും ഇക്കാര്യം അറിയാം. പൊതുജനത്തിനും അറിയാം. പ്രസംഗിക്കുമ്പോള്‍ മോദി യഥാര്‍ത്ഥത്തില്‍ സക്രീനില്‍ നോക്കി വായിക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് ഇംഗ്ലീഷില്‍ നൈപുണ്യമുളളതായി നടിക്കുന്നു എന്നും മമത ബാനര്‍ജി പറഞ്ഞു. തനിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ബംഗാള്‍ ചേരുന്നില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ പേരില്‍ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് മമത പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം എല്ലാ വീടുകളിലേക്കും കത്ത് അയച്ചിരിക്കുന്നത് മോദിയുടെ ചിത്രവും ബിജെപി ചിഹ്നമായ താമരയുടെ ചിത്രവും ഉള്‍പ്പെടുത്തിയാണെന്നും മമത ബാനര്‍ജി പറഞ്ഞു.പദ്ധതിയുടെ ക്രഡിറ്റ് കേന്ദ്രമെടുക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രം തന്നെ നിറവേറ്റണമെന്നും മമത ആവശ്യപ്പെട്ടു.

Loading...