മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് രഞ്ജിത്. അദ്ദേഹം ഒരേസമയം വമ്പന്‍ കൊമേഴ്സ്യല്‍ ഹിറ്റുകളും കലാമൂല്യമുള്ള സിനിമകളും സൃഷ്ടിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ രഞ്ജിത്തിന്‍റെ ഓരോ പ്രൊജക്ടുകളും ഇന്‍ഡസ്ട്രിയിലും പ്രേക്ഷകരിലും ക്യൂരിയോസിറ്റി സൃഷ്ടിക്കും.

മമ്മൂട്ടിയെ നായകനാക്കിയാണ് രഞ്ജിത് തന്‍റെ അടുത്ത സിനിമ പ്ലാന്‍ ചെയ്യുന്നത് എന്നതാണ് ഏറ്റവും പുതിയ വിവരം. കഴിഞ്ഞ ചിത്രമായ ‘Draമാ’ നല്ല സിനിമയായിരുന്നെങ്കിലും സാമ്പത്തികമായി വലിയ നേട്ടമായില്ല. അതുകൊണ്ടുതന്നെ കൊമേഴ്സ്യല്‍ മൂല്യം കൂടുതലുള്ള ഒരു കഥയാണ് ഇത്തവണ രഞ്ജിത് തെരഞ്ഞെടുത്തിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയായാണ് മമ്മൂട്ടി ഈ സിനിമയില്‍ വരികയെന്നാണ് സൂചനകള്‍. അതിസമ്പന്നനായ ഒരാളെക്കുറിച്ച്, അയാള്‍ എത്ര ഭാഗ്യവാനാണ് എന്നാണ് സമൂഹം പൊതുവെ ചിന്തിക്കുക. അയാളുടെ മനസിലെ വിഷമങ്ങളും അയാളുടെ മനസിനെ ഭരിക്കുന്ന ചിന്തകളും സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ സില്ലിയായി തോന്നിയേക്കാം. ഇത്രയും സമ്പന്നനായ ഇയാള്‍ക്ക് ഇതൊക്കെ ഒരു വലിയ ഇഷ്യൂ ആണോ എന്നാവും സാധാരണക്കാര്‍ ചിന്തിക്കുക? എന്നാല്‍ അയാളുടെ പ്രശ്നങ്ങള്‍ അയാള്‍ക്കല്ലേ അറിയൂ.

രസകരവും അതേസമയം ഗൌരവമുള്ളതുമായ ഈ വിഷയത്തിലൂന്നിയാണ് രഞ്ജിത് – മമ്മൂട്ടി ചിത്രം ഒരുങ്ങുക എന്നറിയുന്നു. മലയാളത്തിലെ ഒരു പ്രമുഖ ബാനര്‍ ഈ സിനിമ നിര്‍മ്മിക്കും. നിലവില്‍ രഞ്ജിത് ചിത്രങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ വളരെയേറെ ചെലവ് വരുന്ന ചിത്രമായിരിക്കും ഇത്.

മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ ഈ സിനിമയുടെ ഭാഗമാകുമെന്നും അറിയുന്നു.

Loading...