പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണുമരിച്ച ലിനുവിന്റെ കുടുംബത്തിന് ആശ്വാസവുമായി മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നത്. ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ലിനു അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. സമൂഹമാധ്യമങ്ങളിലും ലിനുവിന്റെ രക്തസാക്ഷിത്വം ചർച്ചയാണ്

ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും അമ്മയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബത്തിന് ആശ്വാസം പകരുന്നതാണെന്ന് കുടുംബം പ്രതികരിച്ചു. മന്ത്രിമാരും സിനിമാതാരങ്ങളുമടക്കം ഒട്ടേറെ പേരാണ് ലിനുവിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. ഇവിടെ നിന്നാണ് മറ്റുള്ളവരെ രക്ഷിക്കാൻ ലിനു ഇറങ്ങിത്തിരിച്ചത്. ലിനുവിനെ കണ്ടെത്താൻ ഒരു ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടിൽ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാംപിലേക്കാണ് മൃതദേഹം എത്തിച്ചത്.

Loading...