താരസംഘടനയായ അമ്മയില്‍ നിന്നും 17 വര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനത്തുനിന്നും പിന്‍വാങ്ങുകയാണെന്ന് ഇന്നസെന്റ് അറിയിച്ചിരുന്നു. ഇതോടെയാണ് ആ സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. യുവതാരങ്ങളും സൂപ്പര്‍താരങ്ങളുമൊക്കെയായി പല താരങ്ങളുടെയും പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്.

അടുത്ത പ്രസിഡന്റായി ആരെത്തുമെന്നറിയാനായി ഇനിയും കാത്തിരിക്കണം. ജൂലൈയിലാണ് സംഘടനാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളൊക്കെ നേരത്തെ തന്നെ തുടങ്ങിയിരുന്നു.ഇന്നസെന്റ് മാത്രമല്ല മമ്മൂട്ടിയും ഭാരവാഹി സ്ഥാനത്തുനിന്നും ഒഴിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ സംഘടനയുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചേക്കില്ലെന്ന് മനസ്സിലാക്കിയാണ് താരം ഈ സ്ഥാനത്തുനിന്നും പിന്‍വാങ്ങുന്നതെന്നാണ് അണിയറ സംസാരം.

എന്നാല്‍ അതല്ല യുവതാരങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കാന്‍ വേണ്ടിയാണ് താരം പിന്‍വാങ്ങുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തുനിന്നും താന്‍ ഒഴിയുകയാണെന്ന് ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓരോ തവണ തിരഞ്ഞെടുപ്പ് വരുമ്പോഴും അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും ആരും അത് ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഇനി തുടരുന്നില്ലെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയതോടെയാണ് ആ സ്ഥാനത്തേക്ക് ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഇന്നസെന്റ് മാത്രമല്ല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മമ്മൂട്ടിയും സ്ഥാനമൊഴിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരം തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ആരോപണ വിധേയനായ താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നും അംഗത്വം റദ്ദാക്കണണെന്നുമാവശ്യപ്പെട്ട് യുവതാരനിര രംഗത്തെത്തിയിരുന്നു. കോടതിവിധി വന്നതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാവൂയെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം.

ഈ സംഭവത്തെച്ചൊല്ലിയുണ്ടായ അസ്വാരസ്യത്തിനൊടുവില്‍ ആരോപണവിധേയനായ താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയായിരുന്നു ഈ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. യുവതാരങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന നിലയില്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവമാണ് അദ്ദേഹത്തിന്റെ പിന്‍വാങ്ങലിന് പിന്നിലെന്നാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍.

മലയാള സിനിമ ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. സാങ്കേതികവിദ്യയുടെ കാര്യത്തിലായാലും സിനിമയെ സമീപിക്കുന്ന കാര്യത്തിലായാലും സിനിമ ഒരുപാട് മാറി. അത്തരത്തിലുള്ള മാറ്റം സംഘടനയുടെ പ്രവര്‍ത്തനത്തിലും പ്രകടമാവണമെന്നാണ് മമ്മൂട്ടിയുടെ നിലപാടെന്ന് വ്യക്തമാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യുവതാരങ്ങളും വനിതാതാരങ്ങളുമൊക്കെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കട്ടെ എന്ന് കരുതിയാണ് അദ്ദേഹം മാറുന്നതെന്നും സൂചനകളുണ്ട്.ശക്തമായ യുവതാരനിരയാണ് ഇപ്പോള്‍ മലയാളത്തിലുള്ളത്. ഏറ്റെടുക്കുന്ന സിനിമയിലായാലും മറ്റ് വിഷയങ്ങളിലായാലും അവരവരുടെ നിലപാടുകള്‍ താരങ്ങള്‍ കൃത്യമായി വ്യക്തമാക്കാറുമുണ്ട്.

അതിനാല്‍ത്തന്നെ യുവതലമുറയുടെ കൈയ്യില്‍ സംഘടന ഭദ്രമായിരിക്കുമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളാണ് ഇനി സംഘടന നയിക്കേണ്ടതെന്ന നിലപാട് മെഗാസ്റ്റാര്‍ വ്യക്തമാക്കിയതോടെ മറ്റ് താരങ്ങളും ഈ നിലപാടിനോട് യോജിപ്പറിയിച്ച് പിന്‍വാങ്ങുമോയെറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ബിഗ് ബജറ്റ് സിനിമകളടക്കം നിരവധി സിനിമകളാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്. സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സിനിമാതിരക്ക് വിനയാവുമെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാനുള്ള സമയം തനിക്കില്ലെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടയിലാണ് മമ്മൂട്ടി രാജ്യസഭയിലേക്ക് പോകുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നത്.

Loading...