വിവാഹം കഴിക്കാനെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ നല്‍കി സ്വന്തമാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ യുവാവും അമ്മയും അറസ്റ്റിലായി.ഹരിയാണയിലെ ബിവാനി സ്വദേശി സന്ദീപ്, ഇയാളുടെ അമ്മ ശകുന്തള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിനിയാണ് പെണ്‍കുട്ടി

പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സന്ദീപിന്റെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി താഴേക്ക് ചാടിയത് കണ്ട അയല്‍വാസി പോലീസില്‍ വിവരം അറിയിച്ചതോടെയാണ് പെണ്‍കുട്ടിക്ക് പുറം ലോകത്തേക്കുള്ള വഴി തുറന്നത്.

ബന്ധുവീട്ടിലേക്കെന്ന വ്യാജേന അമ്മാവനാണ് പെണ്‍കുട്ടിയെ ഹരിയാണയിലെത്തിച്ച് സന്ദീപിനും ഇയാളുടെ അമ്മ ശകുന്തളയക്കും വിറ്റത്. തന്നെ വാങ്ങാന്‍ രണ്ട് ലക്ഷം രൂപയാണ് ഇവര്‍ നല്‍കിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

പിന്നീട് അമ്മയുടെ സഹായത്തോടെ അടുത്തുള്ള ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്കാരമായി സന്ദീപ് വിവാഹം കഴിച്ചു. സന്ദീപിന്റെ വീട്ടില്‍ വച്ച് രണ്ടുമാസത്തോളം താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

സന്ദീപിനും അമ്മ ശകുന്തളയ്ക്കുമെതിരെ ബാലവിവാഹ നിരോധന നിയമം, പോക്സോ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഭേദമായാല്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുമെന്ന് ബിവാനി ശിശുക്ഷേമ സമിതി അധ്യക്ഷ വ്യക്തമാക്കി.

Loading...