മാനസികാസ്വാസ്ഥ്യമുള്ള മൂകരായ ഇരട്ട സഹോദരങ്ങളെ അമ്മയുടെ സഹോദരന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പന്ത്രണ്ടുവയസുകാരായ ശ്രുജനാ റെഡ്ഡി, വിഷ്ണുവര്‍ധന്‍ റെഡ്ഡി എന്നിവരാണ് അമ്മാവനായ മല്ലികാര്‍ജുന്‍ റെഡ്ഡിയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.

തന്റെ സഹോദരിയെ ദുരിതത്തില്‍ നിന്നു രക്ഷിക്കാനാണ് അവരുടെ മക്കളെ കൊന്നതൈന്നാണ് അറസ്റ്റിലായ മല്ലികാര്‍ജുന്‍ പോലീസിനോട് പറഞ്ഞത്. ഇയാളുടെ കൂടെ താമസിക്കുന്ന മറ്റൊരു വ്യക്തിയും ടാക്‌സി ഡ്രൈവറും പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. ഇയാളുടെ വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. നീന്തല്‍ പരിശീലിപ്പിക്കാം എന്ന് പറഞ്ഞായിരുന്നു മല്ലികാര്‍ജുന്‍ കുട്ടികളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Loading...

കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി കാറില്‍ കയറ്റുന്നതിനിടെ വീട്ടുടമ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സംശയം തോന്നിയ വീട്ടുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


 

 
Loading...