ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ മോഷണക്കേസില്‍ ഒരു വര്‍ഷത്തെ തടവും 300 ചാട്ടവാറടിയും ശിക്ഷ വിധിക്കപ്പെട്ട എംബിഎ ബിരുദധാരിയായ ഹൈദരാബാദി യുവാവിന്റെ കുടുംബം സഹായം തേടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചു. നിരപരാധിയായ മകനെ സൗദിയിലെ വാദി അല്‍ ദവാസിര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സുഷമ സ്വരാജിനു കത്തു നല്‍കി. മന്ത്രിയുടെ നിര്‍ദേശപ്രകാരം സൗദിയിലെ ഇന്ത്യന്‍ എംബസി, സൗദി അധികൃതരുമായി ബന്ധപ്പെട്ട് മോചനത്തിനായുള്ള നീക്കം ആരംഭിച്ചു.

റിയാദില്‍ മാര്‍ക്കറ്റിങ് ഓഡിറ്ററായി ജോലി ചെയ്തിരുന്ന ഹൈദരാബാദ്, മലക്‌പേട്ട് സ്വദേശിയായ മുഹമ്മദ് മന്‍സൂര്‍ ഹുസൈന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മോഷണക്കേസില്‍ അറസ്റ്റിലായത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്നു പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുന്നതിനിടെ നമ്പര്‍ പ്ലേറ്റില്ലാത്ത് കാറിലെത്തിയ രണ്ട് അക്രമികള്‍ ഹുസൈനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം സൗദി റിയാല്‍ തട്ടിയെടുക്കുകയായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ ഹുസൈന്‍ വിവരം കമ്പനിയില്‍ അറിയിച്ചു. പൊലീസില്‍ പരാതി നല്‍കാന്‍ കമ്പനി ഉടമ ആവശ്യപ്പെട്ടതനുസരിച്ച് സ്‌റ്റേഷനിലെത്തിയ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവിച്ച കാര്യങ്ങള്‍ ഹുസൈന്‍ വിശദീകരിച്ചെങ്കിലും അതു വിശ്വസിക്കാന്‍ പൊലീസ് തയാറായില്ല. മുമ്പും കമ്പനിയുടെ ലക്ഷക്കണക്കിനു റിയാല്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള ഹുസൈന്‍ ചെറിയ തുക തട്ടിയെടുത്തുവെന്നു വിശ്വസിക്കാനാവുന്നില്ലെന്നു കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ഹൈദരാബാദ് എംപി അസാദുദീന്‍ ഒവൈസി വിഷയത്തില്‍ ഇടപെടണമെന്ന് മന്ത്രി സുഷമാ സ്വരാജിനോട് ആവശ്യപ്പെടുകയായിരുന്നു.

Loading...