ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാബ് കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തൊഴിലാളികളുടെ യാത്രാക്കൂലി റെയില്‍വേ കൂടി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സംസ്ഥാനങ്ങളില്‍ നിന്നാണോ തൊഴിലാളികള്‍ യാത്ര തിരിക്കുന്നത് ആ സംസ്ഥാനം ആദ്യ ദിവസത്തെ ഭക്ഷണം ഉറപ്പാക്കണം. മറ്റു ദിവസങ്ങളിലെ ഭക്ഷണം റെയില്‍വേ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളും റെയില്‍വേയും നല്‍കണം. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ എത്രയും വേഗത്തിലാക്കണമെന്നും യാത്ര ചെയ്യാനുള്ള തീവണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് ഏകദേശം 50 ചോദ്യങ്ങളാണ്‌ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ചോദിച്ചത്. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എംആര്‍ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതില്‍ കോടതിക്ക് തര്‍ക്കമില്ല. എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.

എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാനാവില്ലെന്ന പ്രശ്‌നം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ യാത്ര ഉറപ്പാവുന്നതുവരെ എല്ലാവര്‍ക്കും ഭക്ഷണവും താമസസൗകര്യവും നല്‍കണം. എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. തൊഴിലാളികളെ തിരിച്ചയക്കാന്‍ ഇനി എത്ര സമയം വേണം? എന്തൊക്കെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്? എന്ത് കേന്ദ്രീകൃതസംവിധാനമാണ് ഇതിനായി നടപ്പിലാക്കുന്നത്? എപ്പോള്‍ പോവുമെന്നതിനെക്കുറിച്ച് തൊഴിലാളികള്‍ എങ്ങനെയാണ് അറിയുന്നത്, കോടതി ചോദിച്ചു.

സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവണമെന്ന് പറയുമ്പോള്‍ ഒരു സംസ്ഥാനത്തിനും പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. ടിക്കറ്റിനുള്ള പണം ഏത് സംസ്ഥാനം നല്‍കുമെന്നതിനെക്കുറിച്ച് കൃത്യമായ തീരുമാനം ഉണ്ടായിരിക്കണം. ഓരോ സംസ്ഥാനങ്ങള്‍ക്കും ഓരോ രീതി എന്നാണെങ്കില്‍ അത് ആശങ്കകള്‍ക്ക് ഇടയാക്കും. പണം നല്‍കാന്‍ തൊഴിലാളിളോട് പറയാന്‍ ആര്‍ക്കും സാധിക്കില്ല. ഇക്കാര്യത്തില്‍ വളരെ പെട്ടന്ന് ഒരു തീരുമാനത്തിലെത്തേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം മെയ് ഒന്ന് മുതല്‍ 91 ലക്ഷം കുടിയേറ്റത്തൊഴിലാളികളെ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചുവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാന തൊഴിലാളിയും തിരിച്ചുപോവുന്നതുവരെ തുടരുമെന്നും തുഷാര്‍ മെഹ്ത വ്യക്തമാക്കി.

ഇതുവരെ ഇല്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് കുടിയേറ്റത്തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ളത്. ഇതുവരെ ഇല്ലാത്ത തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. യാത്രയ്ക്കുള്ള പണം നല്‍കുന്നത് തൊഴിലാളികളെ അയക്കുന്ന സംസ്ഥാനങ്ങള്‍/ സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ ആണ്. ചില സംസ്ഥാനങ്ങള്‍ തൊഴിലാളികളില്‍ നിന്നും പണം വാങ്ങുന്നുണ്ട്, ചിലര്‍ വാങ്ങുന്നില്ല. സംസ്ഥാനങ്ങളാണ് ഇക്കാര്യം നോക്കുന്നത്. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് യാത്ര അനുവദിക്കുന്നില്ല. ഭക്ഷണവും വെള്ളവും സൗജന്യ നിരക്കില്‍ റെയില്‍വേ നല്‍കുന്നുണ്ട്. ഇതുവരെ 80 ലക്ഷം ഭക്ഷണപ്പൊതികളും ഒരു കോടിയോളം വെള്ളക്കുപ്പികളും വിതരണം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

പണം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ നിന്നും മറുപടികള്‍ ലഭിക്കേണ്ടതുണ്ടെന്നും എന്നാല്‍ താന്‍ ഉത്തരവാദിത്തം കൈമാറുകയല്ലെന്നും തുഷാര്‍ മെഹ്ത. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഇടയിലും കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തി ഇതിനെ രാഷ്ട്രീയ പ്രശ്‌നമായി മാറ്റാന്‍ കോടതി അനുവദിക്കരുതെന്നും തുഷാര്‍ മെഹ്ത പറഞ്ഞു .

സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഒട്ടേറെ ഹര്‍ജികളാണ് കുടിയേറ്റത്തൊഴിലാളി പ്രശ്‌നത്തില്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.

Loading...